കാണ്‍പുര്‍: ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കാണ്‍പുര്‍ ഈസ്റ്റ് പോലീസ് സൂപ്രണ്ട് സുരേന്ദ്രകുമാര്‍ ദാസ് (30) ആണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയോടെ കാണ്‍പുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ചു ദിവസമായി ചികിത്സയിലായിരുന്നു.  2014 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്. ഔദ്യോഗിക വസതിയിലാണ് പോലീസ് ഉദ്യോഗസ്ഥനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചശേഷം

അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കാണ്‍പൂരിലെ റീജന്‍സി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്നതിനായി മുംബൈയില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വ്യാഴാഴ്ച കാണ്‍പൂരില്‍ എത്തിയിരുന്നു. എന്നാല്‍ ശനിയാഴ്ചയോടെ അദ്ദേഹത്തിന്റെ ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. സംസ്ഥാനമുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണത്തില്‍ അനുശോചനം അറിയിച്ചു.