ഗോരഖ്പുർ: ബിജെപി എംഎല്‍എ ശകാരിച്ചതിനെത്തുടര്‍ന്ന് കരഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥ തന്റെ ഭാഗം വ്യക്തമാക്കി ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത്. താന്‍ കരഞ്ഞത് ബലഹീനത കൊണ്ടല്ല പകരം തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ പിന്തുണ മൂലം വികാരാധീനയായതാണെന്നാണ് ചാരു നിഗം തന്റെ പോസ്റ്റില്‍ പറയുന്നത്.

ഗോരഖ്പുര്‍ എംഎല്‍എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാളിന്റെ ശകാരത്തെ തുടര്‍ന്ന് ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗം കരഞ്ഞത് വാർത്തയായിരുന്നു. കഴിഞ്ഞദിവസമാണ് സംഭവം. പ്രദേശത്ത് വ്യാജമദ്യ വില്‍പനയ്ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ത്രീകളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി എന്നാരോപിച്ച് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ചില സ്ത്രീകള്‍ക്ക് പരിക്കേറ്റു. 

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എംഎല്‍എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗമിനോട് തട്ടിക്കയറുകയായുരുന്നു. 'നിങ്ങളോടെനിക്ക് ഒന്നും സംസാരിക്കാനില്ല.ഇങ്ങോട്ട് ഒന്നും പറയേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ പരിധി ലംഘിക്കരുത്.' -  ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ താനാണ് ചുമലയുള്ള ഉദ്യോഗസ്ഥയെന്നും എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ചാരു നിഗം മറുപടി നല്‍കി.

Read | എംഎല്‍എ ശകാരിച്ചു; ഐപിഎസ് ഉദ്യോഗസ്ഥ പൊട്ടിക്കരഞ്ഞു

എം.എല്‍എയുടെ ശകാരം രൂക്ഷമായതോടെ ചാരു നിഗത്തിന്റെ കണ്ണ് നിറഞ്ഞു. ഇതിനിടയില്‍ തൂവാലയെടുത്ത ചാരു നിഗം കണ്ണു തുടച്ചു. ഈ ദ്യശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. 

'എന്റെ കണ്ണുനിരിനെ ബലഹീനതയുടെ അടയാളമായി കാണരുത്. പരുക്കന്‍ സമീപനമല്ല പകരം മൃദുവായ പിന്തുണയാണ് എന്റെ കണ്ണ് നിറയിച്ചത്' എന്ന്ചാരു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിയ്ക്കുന്നു.

'ഞാന്‍ ഒരു വനിത പോലീസ് ഓഫീസറാണ് താങ്കളുടെ ധാര്‍ഷ്ട്യം അത് കാണുന്നുണ്ടാവില്ല. പക്ഷെ സത്യത്തിന്റെ ശക്തി അതിന്റെ നിറം വളരെ പെട്ടെന്ന് തന്നെ കാണിച്ചു തരുമെന്നും' അവര്‍  പറയുന്നു.

ഐപിഎസ് ട്രെയ്‌നി ഓഫീസറായ ചാരു തനിക്ക് നല്‍കിയ പിന്തുണയ്ക്ക് മാധ്യമങ്ങൾക്കും ജനങ്ങൾക്കും നന്ദി പറയുന്നുമുണ്ട് പോസ്റ്റില്‍.