ന്യൂഡല്‍ഹി: ഐ.എന്‍.എക്.സ് മീഡിയ കേസില്‍ ജാമ്യം തേടിയുള്ള പി.ചിദംബരത്തിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐയോട് തല്‍സ്ഥിതി (സ്റ്റാറ്റസ്) റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യം. സെപ്റ്റംബര്‍ 23-ന് ഇനി ഹര്‍ജിയില്‍ വാദം കേള്‍ക്കും.
തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാനുള്ള സിബിഐ കോടതി വിധിക്കെതിരെയും ചിദംബരം അപ്പീല്‍ നല്‍കിയിട്ടുണ്ട്. നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരായിട്ടാണ് തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതെന്ന് ചിദംബരം ഈ ഹര്‍ജിയില്‍ ആരോപിച്ചു.
കേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റും അറസ്റ്റ് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് സിബിഐ അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്.
ഇതിനിടെ ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ ഡല്‍ഹി റോസ് അവന്യൂ കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.
Content Highlights: INX Media case-Delhi HC seeks CBI status report on P Chidambaram’s bail plea