ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ട്രാക്ടര്‍ പരേഡ് അക്രമാസക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങല്‍ ഏര്‍പ്പെടുത്തി. ഡല്‍ഹി നഗരം ഒന്നടങ്കം കര്‍ഷകര്‍ വളഞ്ഞതോടെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. നിലവിലെ ക്രമസമാധാന സാഹചര്യമനുസരിച്ചാണ് നടപടിയെന്നാണ് ഡല്‍ഹി പോലീസിന്റെ വിശദീകരണം.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി വിച്ഛേദിച്ചിരിക്കുന്നത്. സമര കേന്ദ്രങ്ങളായിട്ടുള്ള ഡല്‍ഹിയുടെ വിവിധ അതിര്‍ത്തികളിലും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.
ഡല്‍ഹി മെട്രോയുടെ വിവിധ സ്‌റ്റേഷനുകളും അടച്ചു.സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രേ ലൈനിലെ എല്ലാ സ്റ്റേഷനുകളുടേയും പ്രവേശന കവാടങ്ങള്‍ അടച്ചിട്ടതായി ഡല്‍ഹി മെട്രോ അറിയിച്ചു. സെന്‍ട്രല്‍, വടക്കന്‍ ഡല്‍ഹിയിലെ പത്തോളം സ്‌റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയിലേക്കുള്ള വിവിധ റോഡുകളും നേരത്തെ പോലീസ് അടച്ചുപൂട്ടിയിരുന്നു.
ട്രാക്ടര്‍ പരേഡിനിടെ വിവധയിടങ്ങളില്‍ കര്‍ഷകരും പോലീസും ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയുമുണ്ടായി. പോലീസ് വെടിവെയ്പ്പിലാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു.
Content Highlights: internet services suspended in delhi-farmers protest