ചെന്നൈ: തമിഴ്നാട് ക്ഷേത്രങ്ങളില്‍ താല്പര്യമുള്ള സ്ത്രീകളെ പരിശീലനത്തിന് ശേഷം പുരോഹിതരായി നിയമിക്കുമെന്ന് മന്ത്രി ശേകര്‍ ബാബു. താത്പര്യമുള്ള സ്ത്രീകള്‍ക്ക് ശരിയായ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്.ആര്‍. ആന്റ് സി.ഇ.) വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ പുരോഹിതരാകാമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

'എല്ലാ ഹിന്ദുക്കള്‍ക്കും പുരോഹിതരാകാം, താല്പര്യമുള്ള സ്ത്രീകള്‍ക്കും പുരോഹിതരാകാം. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അനുമതി ലഭിച്ച ശേഷം ഞങ്ങള്‍ അവര്‍ക്ക് പരിശീലനം നല്‍കും. ക്ഷേത്രത്തിലെ ഒഴിവുള്ള തസ്തികകളില്‍ അവരെ നിയമിക്കും', മന്ത്രി പറഞ്ഞു. എച്ച്.ആര്‍. ആന്റ് സി.ഇ. വകുപ്പിന് കീഴിലെ ക്ഷേത്രങ്ങളില്‍ പരിശീലനം ലഭിച്ച ബ്രാഹ്മണേതര പുരോഹിതരെ നിയമിക്കുമെന്നും മന്ത്രി ആവര്‍ത്തിച്ചു. 

എച്ച്.ആര്‍. ആന്റ് സി.ഇ. വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും പൂജകള്‍ തമിഴിലാക്കുമെന്നും മന്ത്രി പറഞ്ഞു. തമിഴില്‍ പൂജകള്‍ അര്‍പ്പിക്കുന്ന എല്ലാ പുരോഹിതരുടെയും വിശദാംശങ്ങളുള്ള ഒരു ബോര്‍ഡ് സൂക്ഷിക്കും. ചില ക്ഷേത്രങ്ങളില്‍ തമിഴില്‍ പൂജകള്‍ നടത്തുന്നുണ്ടെന്നും എല്ലാ പുരോഹിതര്‍ക്കും തമിഴില്‍ പൂജകള്‍ നടത്താന്‍ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. 

മന്ത്രിസഭയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല മന്ത്രി ശേകര്‍ ബാബുവിന്റെ പ്രതികരണം. കൂടാതെ, മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ശക്തമായ എതിര്‍പ്പുമായി ചില സംഘടനകള്‍ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായി ഉയര്‍ന്ന പ്രതിഷേധംപോലെ ഈ വിഷയത്തിലും പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ കാര്യങ്ങളെല്ലാം പരിഗണിച്ചുമാത്രമേ വിഷയത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ തീരുമാനമെടുക്കാന്‍ സാധ്യതയുള്ളൂ.

Content Highlights: Interested women will be appointed as temple priests after due training in Tamil Nadu temples soon