ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ ജൂലായ് 18 മുതല്‍ 21 വരെ കനത്തമഴയ്ക്ക്  സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്(ഐ.എം.ഡി.). പടിഞ്ഞാറന്‍ തീരത്ത് ജൂലായ് 23 വരെ കനത്തമഴയ്ക്ക് സാധ്യതയുള്ളതായും ഐ.എം.ഡി. അറിയിച്ചു. 

ഉത്തര്‍ പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, കിഴക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂറിനിടെ ശക്തി കുറഞ്ഞതു മുതല്‍ അതിതീവ്രതയുള്ളതയുമായ കൊടുങ്കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. ഈ സമയത്ത് പുറത്തുനില്‍ക്കുന്ന മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവാപായം വരെയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഐ.എം.ഡി. പറയുന്നു.

ജൂലായ് 18 മുതല്‍ 21 വരെ പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖല( ജമ്മു, കശ്മീര്‍, ലഡാക്ക്, ഗില്‍ഗിത്ത്, ബാള്‍ട്ടിസ്ഥാന്‍, മുസാഫര്‍ബാദ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്)യിലും വടക്കുപടിഞ്ഞാറന്‍ ഇന്ത്യ(പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, യു.പി., വടക്കന്‍ മധ്യപ്രദേശ്) എന്നിവിടങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട കനത്തമഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. അതിനു ശേഷം മേഖലയില്‍ മഴയുടെ ശക്തി കുറയും.

ജൂലായ് 18, 19 തീയതികളില്‍ ഉത്തരാഖണ്ഡില്‍ ഒറ്റപ്പെട്ട, അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 19-ന് ഉത്തര്‍ പ്രദേശിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്തും ഒറ്റപ്പെട്ട കനത്തമഴ പെയ്യാനിടയുണ്ട്. പടിഞ്ഞാറന്‍ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും തീവ്രത കുറഞ്ഞതു മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറന്‍ തീരത്തും സമീപ പ്രദേശങ്ങളിലും അടുത്ത 5-6 ദിവസങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും ഐ.എം.ഡി. അറിയിച്ചു.

content highlights: intense rainfall over north India from Jul 18-21, over west coast till July 23: IMD