ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും പടിഞ്ഞാറന്‍ ഹിമാലയന്‍ പ്രദേശങ്ങളിലും വ്യാപകമായ കനത്തമഴ. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളിലെ മണ്‍സൂണ്‍ കാറ്റിന്റെ സഞ്ചാരവും രണ്ട് ചുഴലിക്കാറ്റുകളുമാണ് മേഖലയിലെ കനത്തമഴയ്ക്ക് പ്രധാന കാരണം. മേഖലയില്‍ ബുധനാഴ്ച വരെ വ്യാപകമായി കനത്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

മണ്‍സൂണ്‍ കാറ്റിന്റെ സഞ്ചാരപാതയുടെ പടിഞ്ഞാറെ അറ്റം ഡല്‍ഹിക്കു സമീപമായതും രണ്ടു ചുഴലിക്കാറ്റുകളുടെ സാന്നിധ്യവുമാണ് മേഖലയിലെ കനത്തമഴയ്ക്ക് കാരണം. രണ്ട് ചുഴലിക്കാറ്റുകളിലൊന്ന് തെക്കുപടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും മറ്റൊന്ന് വടക്കന്‍ പാകിസ്ഥാനിലുമാണ്.

മണ്‍സൂണ്‍ കാറ്റിന്റെ പടിഞ്ഞാറെ അറ്റം സാധാരണ നിലയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ജൂലൈ 20 മുതല്‍ ക്രമേണ ഇത് വടക്കോട്ട് നീങ്ങാന്‍ സാധ്യതയുണ്ട്. ഈ സമയം ഹിമാലയന്‍ താഴ്വാരങ്ങളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു. ജൂലൈ 23-ഓടെ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. 

പടിഞ്ഞാറന്‍ ഹിമാലയന്‍ മേഖലയിലും (ജമ്മു കശ്മീര്‍, ലഡാക്ക്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്) തൊട്ടടുത്തുള്ള വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും (പഞ്ചാബ്, ഹരിയാന,കിഴക്കന്‍ രാജസ്ഥാന്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, വടക്ക് പടിഞ്ഞാറന്‍ മധ്യപ്രദേശ്) ജൂലൈ 20 വരെ കനത്ത മഴ തുടരാനാണ് സാധ്യത. അടുത്ത 24 മണിക്കൂറിനുള്ളില്‍ ദില്ലിയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 

ജൂലൈ 19-ന് ജമ്മു ഡിവിഷന്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയും ജൂലൈ 20ന് ഇതേ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട കനത്തമഴയും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

ഡല്‍ഹിയില്‍ അടുത്ത 24 മണിക്കൂറില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ ലഭിക്കും. അടുത്ത 4-5 ദിവസങ്ങളില്‍ പടിഞ്ഞാറന്‍ തീരത്തും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരാനാണ് സാധ്യത. കൊങ്കണ്‍, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 22 വരെ 20 സെന്റിമീറ്ററിന് മുകളില്‍ കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.

Content Highlights: Widespread, intense rainfall activity to continue over northwest region till Wednesday