ന്യൂഡല്‍ഹി: ചാവേര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് രണ്ടു പേര്‍ ഡല്‍ഹിയില്‍ പോലീസ് കസ്റ്റഡിയില്‍. മൂന്ന് ജയ്‌ഷെ ഭീകരര്‍ ഡഹിയിലെത്തിയതായുള്ള സൂചനയെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ പോലീസ് പരിശോധന നടത്തുകയാണ്. രഹസ്യാന്വേഷണ വിഭാഗം തന്ത്രപ്രധാന ഇടങ്ങളില്‍ കാറ്റഗറി-എ വിഭാഗത്തില്‍പ്പെട്ട ജാഗ്രതാ നിര്‍ദേശം നല്‍കി.

എട്ട്-പത്ത് പേരടങ്ങുന്ന ജെയ്‌ഷെ മുഹമ്മദ് സംഘം ചേവേര്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്നത്. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഡല്‍ഹി പോലീസിന്റ സ്‌പെഷല്‍ സെല്‍ ആണ് പരിശോധന നടത്തുന്നത്. പഹാഡ്ഗഞ്ച്, ജാമിയനഗര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം എട്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. 

സംശയാസ്പദമായി കണ്ട രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരികയാണ്. ജമ്മു കശ്മീര്‍, പഞ്ചാബ്, അമൃത്സര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അതീവജാഗ്രതാ നിര്‍ദേശമാണുള്ളത്. 

കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ തയ്യാറാകുന്നതായുള്ള സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ജെയ്‌ഷെ മുഹമ്മദിന് ആക്രമണം നടത്താന്‍ പാകിസ്താന്‍ ഒത്താശ ചെയ്യുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.

Content Highlights: intelligence warning of Jaish terrorists entering capital for suicide attack, Delhi on alert