Arvind Kejriwal (file photo) | Photo: PTI
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദേശീയ പതാകയെ അവഹേളിച്ചുവെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ. കോവിഡ് സംബന്ധമായ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുമ്പോൾ കെജ്രിവാളിന്റെ പിന്നിലായി കാണുന്ന ദേശീയ പതാക നിയമം അനുശാസിക്കുന്ന ചട്ടപ്രകാരമല്ലെന്നാണ് പ്രഹ്ലാദ് പട്ടേലിന്റെ ആരോപണം.
ദേശീയ പതാകയിലെ നിറങ്ങൾ ഒരേ അളവിലല്ല. പച്ച നിറമുള്ള ഭാഗത്തിന് വലുപ്പമേറിയെന്നും വികൃതമായെന്നുമാണ് ആരോപണം. വെള്ള നിറമുള്ള ഭാഗം ചെറുതായെന്നും കേന്ദ്രമന്ത്രി ആരോപിച്ചു. ഇത് ദേശീയ പതാക ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അടിയന്തരമായ തിരുത്തൽ ആവശ്യപ്പെട്ട് പ്രഹ്ലാദ് പട്ടേൽ കേന്ദ്രസർക്കാരിനും ഡൽഹി ലെഫ്റ്റനന്റ് ഗവർണർക്കും കത്തെഴുതി.
കെജ്രിവാൾ ടെലിവിഷനിലൂടെ സംസാരിക്കുമ്പോഴെല്ലാം തന്റെ ശ്രദ്ധ അദ്ദേഹത്തിന് പിന്നിലുള്ള ദേശീയ പതാകയിലാണ്. ദേശീയ പതാക പ്രദർശിപ്പിക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയമങ്ങൾക്ക് അനുസൃതമല്ല ഇത്. മധ്യത്തിലെ വെള്ള നിറമുള്ള ഭാഗം പച്ച നിറത്തെ മുറിച്ചതായി തോന്നുന്നു. ഭരണഘടനയുടെ ലംഘനമാണിത്. അലങ്കാരമെന്ന നിലയിലാണ് കെജ്രിവാൾ ദേശീയ പതാക ഉപയോഗിക്കുന്നതെന്നും പ്രഹ്ലാദ് പട്ടേൽ കത്തിൽ ആരോപിച്ചു.
ബോധപൂർവ്വമോ അല്ലാതെയോ ഇക്കാര്യം അവഗണിച്ച കെജ്രിവാളിന്റെ ശ്രദ്ധയിൽ ഇതുകൊണ്ടുവരാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
content highlights""Insult To Flag": Union Minister On Arvind Kejriwal's Covid Video Meets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..