ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ നിന്ന് തിരികെയെത്തിക്കുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. അഫ്ഗാനിലെ കോവിഡ് സ്ഥിതി വിശേഷം സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ലാത്തതിനാലാണ് പ്രതിരോധത്തിന്റെ ഭാഗമായി ഇത്തരമൊരു നടപടി. 

അതേസമയം ഇന്ന് അഫ്ഗാനില്‍നിന്ന് എത്തിയ 78 പേരടങ്ങുന്ന സംഘത്തിലെ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. സാധാരണഗതിയില്‍ ഇന്ത്യയിലേക്ക് മറ്റ് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുന്‍പ് കോവിഡ് പരിശോധന നിര്‍ബന്ധമാണ്. 

എന്നാല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത പശ്ചാത്തലത്തില്‍ പൗരന്‍മാരെ നാട്ടിലേക്ക് എത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി നിര്‍ബന്ധിത കോവിഡ് പരിശോധന ഉള്‍പ്പെടുത്തിയിരുന്നില്ല.  ഇതിന് പകരമായിട്ടാണ് ഇപ്പോള്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്. 

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ലോജിസ്റ്റിക്‌സ് ആസ്ഥാനത്താണ് നിര്‍ബന്ധിത ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ക്വാറന്റീനില്‍ കഴിയുന്നവരുടെ ആരോഗ്യനില നിരീക്ഷിക്കുകയും ആശുപത്രിയിലേക്ക് മാറ്റേണ്ട രോഗികളെ മാറ്റുന്നതിനുമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Content Highlights: Institutional quarentine made mandatory for evacuees from Afghanistan