മുംബൈ: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. അയോധ്യയിലെ രാമക്ഷേത്രത്തിനായി ധനസമാഹരണം നടത്തുന്നതിന് പകരം സര്‍ക്കാര്‍ ചെയ്യേണ്ടത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുകയാണെന്ന് ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

'ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. അവശ്യവസ്തുക്കളുടെ വില നിയന്ത്രണത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സര്‍ക്കാര്‍ ഇത് മറക്കുകയാണെങ്കില്‍ ജനങ്ങള്‍ അത് ഓര്‍മിപ്പിക്കും. രാമക്ഷേത്രത്തിനായി സംഭാവന പിരിക്കുന്നതിനു പകരം ആകാശത്തേക്കു കുതിക്കുന്ന ഇന്ധനവില പിടിച്ചുനിര്‍ത്തുകയാണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ രാമ ഭഗവാന് സന്തോഷമാകും', മുഖപ്രസംഗത്തില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിനെതിരെ ശിവസേനയുടെ യുവജന വിഭാഗമായ 'യുവസേന' പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 'യഹി ഹേ അച്ചേ ദിന്‍?' (ഇതാണോ അച്ചാ ദിന്‍?) എന്ന ചോദ്യങ്ങളുയര്‍ത്തിയ ബാനറുകള്‍ മുംബൈയിലെ നിരവധി പെട്രോള്‍ പമ്പുകളിലും പാതയോരങ്ങളിലും യുവസേനയുടെ നേതൃത്വത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. 2014ലെയും 2021ലെയും പെട്രോള്‍, ഡീസല്‍, പാചകവാതക വിലകളും ഈ ബാനറുകളില്‍ ഉണ്ട്.

Content Highlights: Instead of taking Ram Temple donations, slash fuel prices: Shiv Sena to govt