ലഖ്‌നൗ: തേങ്ങയുടച്ച് റോഡ് ഉദ്ഘാടനം ചെയ്യാനായിരുന്നു എം.എല്‍.എയുടെ ശ്രമം. പക്ഷെ തേങ്ങ പൊട്ടിയില്ല, പകരം റോഡ് പൊളിഞ്ഞുവന്നു. ഉത്തര്‍ പ്രദേശിലെ ബിജ്‌നോര്‍ സദര്‍ മണ്ഡലത്തിലാണ് സംഭവം. 

1.16 കോടി മുടക്കി നിര്‍മിച്ച ഏഴര കിലോമീറ്റര്‍ നീളമുള്ള റോഡാണ് തേങ്ങയുടച്ചപ്പോള്‍ പൊളിഞ്ഞിളകിയത്. ബി.ജെ.പി. എം.എല്‍.എ. സുചി മൗസം ചൗധരിയായിരുന്നു ഉദ്ഘാടക.

1.16 കോടി ചിലവഴിച്ച് ജലവിഭവ വകുപ്പാണ് റോഡ് നിര്‍മിച്ചത്. 7.5 കിലോമീറ്റാണ് റോഡിന്റെ നീളം. തേങ്ങയുടയ്ക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിയില്ല, പകരം റോഡ് പൊളിഞ്ഞുവന്നു- സുചി മൗസം മാധ്യമങ്ങളോടു പ്രതികരിച്ചു. 

എന്തായാലും പൊളിഞ്ഞ റോഡിനെ അങ്ങനെ വിട്ടുപോകാന്‍ സുചി മൗസം തയ്യാറായില്ല. റോഡിന്റെ സാമ്പിള്‍ ശേഖരിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തുന്നതിനായി മൂന്നുമണിക്കൂറോളം അവര്‍ അവിടെ കാത്തുനിന്നു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

റോഡ് നിര്‍മാണത്തില്‍ അപാകമുണ്ടെന്ന് താന്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു. നിര്‍മാണത്തിന് നിലവാരമില്ലായിരുന്നു. ഉദ്ഘാടനം ഉപേക്ഷിച്ചെന്നും വിഷയം ജില്ലാ മജിസ്‌ട്രേട്ടുമായി സംസാരിച്ചെന്നും സുചി മൗസം പറഞ്ഞു. ജില്ലാ മജിസ്‌ട്രേട്ട് മൂന്നംഗ സംഘത്തെ രൂപവത്കരിച്ചെന്നും സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു. 

content highlights: instead of coconut, road cracked open in uttar pradesh