ബെംഗളൂരു: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാള്‍ വിലകൂടിയ സമ്മാനം വാഗ്ദാനം ചെയ്തു പണം തട്ടിയതായി പരാതി. ബെംഗളൂരു സ്വദേശിയായ 50 വയസുള്ള സ്ത്രീയാണ് 80 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്. യു.കെ.യില്‍ നിന്നുള്ള കാര്‍ഡിയോളജിസ്റ്റെന്ന് പരിചപ്പെടുത്തിയ മാവിസ് ഹോര്‍മന്‍ എന്നയാളും കൂട്ടാളികളും ചേര്‍ന്ന് പണം തട്ടിയെന്നാണ് ഇവരുടെ പരാതി. 

ജനുവരി 23 നാണ് യുകെയില്‍ സ്ഥിരതാമസമാക്കിയ മാവിസ് ഹോര്‍മന്‍ എന്ന കാര്‍ഡിയോളജിസ്റ്റിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ കാണുന്നതെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. ഹൃദയരോഗിയായതിനാല്‍ അവര്‍ ഇയാളില്‍ നിന്ന് ചികിത്സാ നിര്‍ദേശങ്ങള്‍ തേടിയിരുന്നു. പരസ്പരം സന്ദേശമയയ്ക്കാന്‍ തുടങ്ങിയതോടെ ഹോര്‍മന്‍ ഇവരുടെ അസുഖത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. ഇതോടെ ഒരു ജീവിതപങ്കാളിയെ തിരഞ്ഞിരുന്ന അവര്‍ ഇയാളുമായി ഒരു വിവാഹ ബന്ധം ആഗ്രഹിച്ചിരുന്നു. 

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊറിയര്‍ വഴി ഒരു സമ്മാനം അയച്ചതായി ഹോര്‍മന്‍ ഇവരോട് പറഞ്ഞു. പിന്നാലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്ന് പരിചയപ്പെടുത്തിയ ചിലര്‍ ഇവരെ വിളിക്കുകയും ഗിഫ്റ്റ് ബോക്‌സില്‍ 35,000 പൗണ്ട് കണ്ടെത്തിയതായും പറഞ്ഞു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ളതെന്ന് അവകാശപ്പെട്ട ഇവര്‍ നിയമപരമായ പ്രശ്നങ്ങളൊന്നുമില്ലാതെ പ്രശ്നം പരിഹരിക്കാന്‍ പണം ആവശ്യപ്പെട്ടുവെന്നും സ്ത്രീ പരാതിയില്‍ പറഞ്ഞു.

നിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും വിവിധ ചാര്‍ജുകളും നികുതിയും കൈക്കൂലിയുമായി വലിയൊരു തുക അയയ്ക്കാന്‍ അവര്‍ ആവശ്യപ്പെട്ടുകയായിരുന്നു. തട്ടിപ്പാണെന്ന് തിരിച്ചറിയാതെ ഇവര്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് സ്ത്രീ പണം നിക്ഷേപിക്കുകയായിരുന്നു. പണം അയയ്ക്കുന്നത് നിര്‍ത്തിയതോടെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ളയാളാണെന്ന് അവകാശപ്പെടുന്ന മറ്റൊരാള്‍ വിളിച്ച് അധിക പണം ആവശ്യപ്പെട്ടു.

എന്നാല്‍, പിന്നീട് തട്ടിപ്പ് മനസിലാക്കിയ സ്ത്രീ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Instagram friend dupes woman of Rs 80 lakh on pretext of sending costly gift