മുംബൈ: പാകിസ്താനെ പുകഴ്ത്തി മമത ബാനര്‍ജി, പശു സേവ ചെയ്ത് മാര്‍ക്ക് സക്കര്‍ബര്‍ഗ്, സുഖ്മയിലെ മാവോവാദി ആക്രമണം ആഘോഷിച്ച് ജെഎന്‍യു വിദ്യാര്‍ഥികള്‍... ദൈനിക് ഭാരത് ഡോട്ട് കോം എന്ന പോര്‍ട്ടലില്‍ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ വന്ന വാര്‍ത്തകളാണിവ.

ഇത്തരത്തിലുള്ള വാര്‍ത്തകളെ ചോദ്യം ചെയ്ത് നിരവധിപേര്‍ രംഗത്തുവരാറുണ്ടെങ്കിലും സൈറ്റിലേക്കുള്ള ആളുകളുടെ പ്രവാഹത്തിന് കുറവൊന്നും ഇല്ല.

ദൈനിക് ഭാരതിനു പിന്നിലെ ദുരൂഹത കണ്ടെത്താനായി ആള്‍ട്ട്‌ന്യൂസ് ഡോട്ട് കോം എന്ന പോര്‍ട്ടല്‍ അന്വേഷണത്തിന് ഇറങ്ങിത്തിരിച്ചു; അണിയറപ്രവര്‍ത്തകരുടെ പശ്ചാത്തലം പരതി. 

കണ്ടെത്തലുകള്‍ ഇങ്ങനെ - പോര്‍ട്ടലിന്റെ ഡൊമൈന്‍ അഡ്രസ് ശശി സിങ് എന്നയാളുടെ പേരിലാണ്. എഡിറ്റര്‍ ഇന്‍ ചീഫ് രവി സിങ്. ഹിന്ദുസേന എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് എഡിറ്റോറിയയിലെ ഭൂരിപക്ഷവും.

പോര്‍ട്ടലിന്റെ എഡിറ്റര്‍ ഇന്‍ ചീഫിന്റെ പേരില്‍, ആംആദ്മി നേതാവ് കുമാര്‍ വിശ്വാസിന്റെ പേരില്‍ കൃത്രിമ ഫോട്ടോ പ്രചരിപ്പിച്ചതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നേരിടുകയാണ്‌.

സമൂഹമാധ്യമങ്ങളിലെ പ്രമുഖ ഹിന്ദുസേന പേജുകളിലെല്ലാം വിഷ്ണു ഗുപ്ത അംഗമാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനായി പൂജ നടത്തിയ സംഘത്തിലെ പ്രധാന നേതാക്കളിലൊരാളായ വിഷ്ണു ഗുപ്തയും ഇയാളുടെ അടുത്ത സുഹൃത്താണ്. 'യുഎസ്എ ഹിന്ദൂസ് ഫോര്‍ ട്രംപ്' എന്ന ഹാഷ് ടാഗിലും ഇയാള്‍ ട്വിറ്ററില്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.