ന്യൂഡല്‍ഹി: 2016 സപ്തംബര്‍ 29. ഇന്ത്യ ഉണര്‍ന്നത് ഒരു തിരിച്ചടിയുടെ വാര്‍ത്തയറിഞ്ഞുകൊണ്ടാണ്. അര്‍ധരാത്രിയില്‍ നടത്തിയ മിന്നലാക്രമണത്തിലൂടെ നിയന്ത്രണ രേഖയ്ക്കപ്പുറം കടന്നു ചെന്ന് പാക് ഭീകരരുടെ താവളങ്ങള്‍ ഇന്ത്യ തകര്‍ത്തു. അതിനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിയന്ത്രണരേഖ ലംഘിച്ചെത്തിയ ഭീകരര്‍ ഉറി സൈനിക കേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തിനുള്ള തക്ക മറുപടി കൊടുത്തിരിക്കുന്നു. അന്ന് 19 പട്ടാളക്കാരുടെ ജീവനാണ് ഇന്ത്യക്ക് നഷ് ടമായത്.

എന്നാല്‍, പിന്നീടുള്ള ദിവസങ്ങളില്‍ ആ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോയും മറ്റു തെളിവുകളും വേണമെന്ന് പല കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നെങ്കിലും ആക്രമണത്തിന്റ വിശദമായ വീഡിയോ പുറത്തുവന്നില്ല. എന്നാലിപ്പോള്‍ ഇന്ത്യ അന്ന് നടത്തിയ മിന്നലാക്രമണം ഡോക്യുമെന്ററിയാക്കി സംപ്രേഷണം  ചെയ്യാനൊരുങ്ങുകയാണ് ഹിസ്റ്ററി ടി.വി ചാനല്‍ 18.

2016 ജനവരി 22ന് വീറുറ്റ ഇന്ത്യന്‍ സൈന്യം ആക്രമണത്തിന് ഒരുങ്ങുന്നത് മുതലുള്ള സംഭവങ്ങള്‍ വീണ്ടും ചിത്രീകരിച്ചാണ് ഈ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി 22ന് തിങ്കളാഴ്ച ഹിസ്റ്ററി ടി.വി 18ല്‍ ഈ ഡോക്യുമെന്ററി കാണാം. അന്നത്തെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചവരേയും അത് ആസൂത്രണം ചെയ്ത രീതിയും അത് എങ്ങനെ വിജയകരമായി നടപ്പാക്കി എന്നതും ഡോക്യുമെന്ററിയിലുണ്ട്.

അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യ സാധാരണ മുതിരാറില്ല. ഇത്തരം ആക്രമണങ്ങള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച പാരാട്രൂപ്പര്‍മാരെയാണ് അന്ന് ഉപയോഗിച്ചത്. ശത്രുപാളയത്തിലെ രണ്ട് പ്രധാന കേന്ദ്രങ്ങളായിരുന്നു അക്രമണത്തിനായി തിരഞ്ഞെടുത്തത്. സ്ട്രൈക്ക് വണ്‍, സ്ട്രൈക്ക് ടു എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് ഇന്ത്യന്‍ സൈനികര്‍ ഹെലികോപ്റ്ററുകളില്‍ ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചത്. 

ആക്രമിക്കാന്‍ പോകുന്ന സ്ഥലങ്ങളുടെയും അവിടെയുള്ള തീവ്രവാദികളുടെ എണ്ണവും മറ്റു വിവരങ്ങളും നല്ല ബോധ്യമുണ്ടായിരുന്നു. താവളങ്ങളിലെ തീവ്രവാദി കമാന്‍ഡര്‍മാരുടെ പേരുകള്‍ പോലും അറിയാമായിരുന്നുവെന്നും സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.