കേബിളിന്റെ 'ദൂരം' ഡല്‍ഹിവരെ, സ്‌കൈജംപ് ടെക്‌നോളജി; അഭിമാനമായി ഒഴുകുന്ന പോരാളി വിക്രാന്ത്


Photo: ANI

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ ഐ.എന്‍.എസ്. വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിക്കുന്നു. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തികള്‍ക്കു കവചമായി വിക്രാന്ത് വന്നതോടെ ലോകത്തിലെത്തന്നെ ഏറ്റവും വലിയ നാവികശക്തികളിലൊന്നായി ഇന്ത്യ മാറുകയാണ്.

വിക്രാന്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ കൊച്ചി കപ്പല്‍ശാലയില്‍ രാവിലെ 9.30 മുതലാണ് ചടങ്ങ് ആരംഭിച്ചത്. തദ്ദേശീയമായി വിമാനവാഹിനി യുദ്ധക്കപ്പല്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് എന്നിവയാണ് മറ്റു രാജ്യങ്ങള്‍.

വിക്രാന്ത് നാവികസേനയുടെ ഭാഗമാകുന്നതോടെ മലയാളികള്‍ക്കും അഭിമാനിക്കാം. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ കപ്പലായ വിക്രാന്ത് തദ്ദേശീയമായി നിര്‍മിച്ച് പൂര്‍ത്തിയാക്കിയത് കൊച്ചി കപ്പല്‍ ശാലയിലാണ്. വിക്രാന്തിന്റെ നിര്‍മാണത്തില്‍ 14,000-ത്തോളം പേര്‍ നേരിട്ടും അല്ലാതെയും പങ്കുവഹിച്ചു. കൊച്ചി കപ്പല്‍ശാലയിലെ 2000 ഉദ്യോഗസ്ഥര്‍ക്കും മറ്റ് അനുബന്ധ വ്യവസായങ്ങളിലുള്ള 12,000 ജീവനക്കാര്‍ക്കും തൊഴിലവസരങ്ങള്‍ ഉണ്ടായെന്നാണ് കണക്ക്.

വെള്ളിയാഴ്ച രാവിലെ 9.30-ന് കൊച്ചി കപ്പല്‍ശാലയില്‍ 150 അംഗ ഗാര്‍ഡ് ഓഫ് ഓണറോടെയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. വിക്രാന്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ കമ്മഡോര്‍ വിദ്യാധര്‍ ഹാര്‍കെ കമ്മിഷനിങ് വാറന്റ് വായിച്ചശേഷം പ്രധാനമന്ത്രി കപ്പലിനുള്ളില്‍ പ്രവേശിച്ചു. വിക്രാന്തിന്റെ മുന്‍വശത്തെ ഡെക്കില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം പ്രധാനമന്ത്രി പിന്‍വശത്തെ ഡെക്കില്‍ നാവികസേനയുടെ പുതിയ പതാകയും ഉയര്‍ത്തി.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

2300 കംപാര്‍ട്ട്‌മെന്റ്

262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയുമുള്ള വിക്രാന്തില്‍ 2300 കംപാര്‍ട്ട്‌മെന്റുകളുണ്ട്. സൂപ്പര്‍ സ്ട്രക്ചര്‍ അടക്കം കണക്കാക്കുമ്പോള്‍ കപ്പലിന് 59 മീറ്റര്‍ ഉയരവുമുണ്ട്. പോര്‍വിമാനങ്ങള്‍ക്ക് പറന്നിറങ്ങാനും പറന്നുയരാനും സാധിക്കുന്ന വിധത്തിലാണ് മേല്‍ഭാഗം. സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം അടക്കം കപ്പലിനകത്ത് 14 ഡെക്കുകളാണുള്ളത്. ഒരേസമയം 1500-ലേറെ നാവികരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്.

സ്‌കൈ ജംപ് ടെക്‌നോളജി

30 എയര്‍ക്രാഫ്റ്റുകള്‍ വഹിക്കാന്‍ ശേഷിയുള്ള വിക്രാന്തിന്റെ ഏറ്റവും വലിയ സവിശേഷത സ്‌കൈ ജംപ് ടെക്നോളജിയാണ്. കപ്പലിന്റെ മുന്‍ഭാഗം ഒരു വളഞ്ഞ റാംപ് പോലെയാണ്. ഇതുമൂലം കുറഞ്ഞ ദൂരത്തിലുള്ള റണ്‍വേയില്‍നിന്നുപോലും പോര്‍വിമാനങ്ങള്‍ക്ക് അതിവേഗം കപ്പലില്‍നിന്നു പറന്നുയരാനാകും. കപ്പലില്‍ ഉപയോഗിച്ചിരിക്കുന്ന കേബിളുകള്‍ നീട്ടിയിട്ടാല്‍ 2100 കി.മീ. നീളമുണ്ടാകും

വിക്രാന്തിലേക്കുള്ള പോര്‍വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും ഇറങ്ങലും പറക്കലുമൊക്കെ നിയന്ത്രിക്കുന്നത് ഫ്‌ലയിങ് കണ്‍ട്രോള്‍ പൊസിഷന്‍ എന്ന ഫ്‌ലൈകോയാണ്. വിക്രാന്തിന്റെ ഫ്‌ലൈറ്റ് ഡെക്കില്‍ മൂന്നു റണ്‍വേകളുണ്ട്. പറന്നുയരാന്‍ 203 മീറ്ററിന്റെയും 141 മീറ്ററിന്റെയും രണ്ടു റണ്‍വേകള്‍. 190 മീറ്ററുള്ള മൂന്നാം റണ്‍വേയിലാണ് വിമാനങ്ങള്‍ ഇറങ്ങുക. 250 കിലോമീറ്റര്‍ വേഗത്തില്‍ പറന്നിറങ്ങുന്ന വിമാനങ്ങളെ റണ്‍വേയില്‍ കൃത്യമായി പിടിച്ചുനിര്‍ത്തുന്നതിന് അറസ്റ്റിങ് വയറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുണ്ട്. ടേക്ക് ഓഫ് സമയത്ത് 14 ഡിഗ്രിയില്‍ സ്‌കീജമ്പിനു സഹായിക്കുന്ന വളഞ്ഞമൂക്കു പോലെയുള്ള റണ്‍വേ വിക്രാന്തിന്റെ പ്രധാന സവിശേഷതയാണ്.

ഉള്ളില്‍ 684 ഏണികളും 10,000-ത്തിലേറെ പടവുകളും, ആശുപത്രിയും കുക്ക് ഹൗസും

സി.ടി. സ്‌കാന്‍ അടക്കമുള്ള സൗകര്യങ്ങളും അത്യാഹിതവിഭാഗവും തീവ്രപരിചരണവിഭാഗവുമൊക്കെയുള്ള ചെറിയൊരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിതന്നെ വിക്രാന്തില്‍ ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ ജനറല്‍ വാര്‍ഡും ഫീമെയില്‍ വാര്‍ഡുമൊക്കെയുണ്ട്. രണ്ടു വെന്റിലേറ്ററുള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി സജ്ജമാക്കിയ തീവ്രപരിചരണവിഭാഗം കൂടിയാകുമ്പോള്‍ ഒരുവിധമുള്ള ചികിത്സയ്ക്ക് കപ്പലില്‍നിന്നു ആര്‍ക്കും പുറത്തുപോകേണ്ടിവരില്ല.വിക്രാന്തിന്റെ ഭക്ഷണകേന്ദ്രമായ കുക്ക് ഹൗസ് പുലര്‍ച്ചെ മൂന്നുമണിക്കു പ്രവര്‍ത്തനം തുടങ്ങും. അടുക്കള അര്‍ധരാത്രിവരെ കര്‍മനിരതമായിരിക്കും. പച്ചക്കറികള്‍ അരിയാനും പാത്രം കഴുകാനുമൊക്കെ യന്ത്രസഹായം ഒരുക്കിയിട്ടുണ്ട്.

Content Highlights: INS Vikranth Commissioned


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented