ന്യൂഡല്‍ഹി: കുംഭമേളയ്ക്കിടെ സ്വകാര്യ ലാബുകള്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ വര്‍ഷം ആദ്യം നടന്ന കുംഭമേളയിലാണ് കോവിഡ് ടെസ്റ്റുകളുടെ പേരില്‍ വന്‍ അഴിമതി നടന്നത്. ഹരിദ്വാര്‍ ജില്ലാ ഭരണകൂടത്തോട് കേസെടുത്ത് അന്വേഷം നടത്താന്‍ ഉത്തരഖാണ്ഡ് സര്‍ക്കാര്‍ ഉത്തരവിട്ടു.

സ്വകാര്യ ലാബുകള്‍ ഒരു ലക്ഷത്തിലധികം വ്യാജ കോവിഡ് പരിശോധന ഫലങ്ങള്‍ നല്‍കിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കുംഭമേള കാലത്ത് ഹൈക്കോടതി നിശ്ചയിച്ച 50,000 ടെസ്റ്റുകളുടെ ദൈനംദിന പരിശോധന ക്വാട്ട പൂര്‍ത്തീകരിക്കുന്നതിനാണ് ലാബുകള്‍ ക്രമക്കേട് നടത്തിയതെന്നാണ് വിവരം.

മേളയക്കെത്തുവരെ പരിശോധിക്കുന്നതിനായി 22 ലാബുകളെ ജില്ലാ ഭരണകൂടം നിയോഗിച്ചിരുന്നു. എന്നാല്‍ ലാബുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ഒരു ലക്ഷത്തിലധികം വ്യാജമാണെന്നാണ് കണ്ടെത്തല്‍. വ്യാജ പേരുകളും തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും ഫോണ്‍ നമ്പറുകളും ആവര്‍ത്തിച്ച് വന്നതാണ് സംശയത്തിനിടയാക്കിയത്.

ഹരിദ്വാര്‍, ഡെറാഡൂണ്‍, റൂര്‍ക്കി, ഹരിയാണ എന്നിവടിങ്ങളിലെ ലാബുകളാണ് വ്യാപക ക്രമക്കേട് നടത്തിയത്. ഈ ലാബുകളില്‍ മൊത്തം 2,51,457 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ഇതില്‍ 2,07,159 ആന്റിജന്‍ പരിശോധനകളും 44,278 എണ്ണം ആര്‍ടി-പിസിആറുമാണ്. രണ്ട് ലക്ഷത്തിലധികം ആന്റിജന്‍ പരിശോധനകള്‍ നടത്തിയപ്പോള്‍ 1,023 പേര്‍ മാത്രമാണ് പോസിറ്റീവ് പരീക്ഷിച്ചത്. ആര്‍ടി-പിസിആറില്‍ 1,250 റിപ്പോര്‍ട്ടുകള്‍ പോസിറ്റീവായി. മറ്റെല്ലാ ടെസ്റ്റ് റിപ്പോര്‍ട്ടുകളും നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ പകുതിയോളവും വ്യാജ റിപ്പോര്‍ട്ടുകളാണെന്നാണ് കണ്ടെത്തല്‍.

ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ലാബുകള്‍ക്ക് നല്‍കേണ്ടിയിരുന്ന പേയ്‌മെന്റുകള്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചിട്ടുണ്ട്.