ഡാക്കില്‍ അതിശൈത്യമുള്ള സിയാച്ചിന്‍, ഗാല്‍വന്‍ താഴ് വരപ്രദേശങ്ങളില്‍ തങ്ങുന്ന സൈനികര്‍ക്കായി സൗരോജ്ജത്തില്‍ നിന്ന് ചൂട് പകരുന്ന ടെന്റുകള്‍ രൂപകല്‍പന ചെയ്ത് സാങ്കേതിക വിദഗ്ധനും വിദ്യാഭ്യാസവിദഗ്ധനുമായ സോനം വാങ്ചുക്. ജൈവ ഇന്ധനം ഉപയോഗിക്കാതെ സൈനികര്‍ തങ്ങുന്ന തമ്പുകള്‍ക്കാവശ്യമായ താപം പകരാന്‍ സൗരോര്‍ജ്ജം ഉപയോഗിക്കാവുന്ന വിധത്തിലാണ് രൂപകല്‍പന. ഭാരക്കുറവുള്ള ടെന്റുകള്‍ അഴിച്ചുമാറ്റാനും മറ്റൊരിടത്തേക്ക് മാറ്റാനും എളുപ്പമാണ്. സൈനികര്‍ക്കായുള്ള ലോകത്തിലെ ആദ്യത്തെ സൗരോര്‍ജ്ജ ടെന്റുകളാണിത്. 

സാമ്പത്തികലാഭം മാത്രമല്ല മലിനീകരണം കുറയ്ക്കാനും ഇത്തരം തമ്പുകള്‍ സഹായിക്കും. സൈനികര്‍ക്ക് തണുപ്പേല്‍ക്കാതെ ചൂടുള്ള സാഹചര്യത്തില്‍ കിടന്നുറങ്ങുകയും ചെയ്യാം. ടെന്റിലുപയോഗിക്കുന്ന ഇന്‍സുലേറ്ററുകളുടെ എണ്ണം കൂട്ടിയോ കുറച്ചോ താപനില ക്രമീകരിക്കുകയുമാവാം. മൈനസ് പതിനാല് ഡിഗ്രി സെല്‍ഷ്യസ് അന്തരീക്ഷ താപനിലയുള്ളപ്പോള്‍ തമ്പിനകത്ത് പതിനഞ്ച് ഡിഗ്രി സെഷ്യല്‍സ് വരെ താപനില നിലനിര്‍ത്താന്‍ സാധിക്കും. ഗാല്‍വന്‍ താഴ് വരയില്‍ താപനില മൈനസ് മുപ്പത് ഡിഗ്രി സെല്‍ഷ്യസിന് താഴെയെത്തുന്ന സന്ദര്‍ഭങ്ങളുമുണ്ട്. 

സൈനികര്‍ക്ക് ചൂടേറ്റ് വിശ്രമിക്കാന്‍ നവീന ആശയവുമായെത്തിയ സോനം വാങ്ചുക്കിനെ അത്ര പരിചയമില്ലെങ്കിലും വാങ്ചുക്ക് എന്ന പ്രതിഭ പ്രചോദനമായ കൊസക്‌സി പസപുഗള്‍ അല്ലെങ്കില്‍ ഫുന്‍സുക് വാങ്ഡുവിനെ നമുക്ക് നല്ല പരിചയമുണ്ട്.  '3 ഇഡിയറ്റ്‌സ്‌' അല്ലെങ്കില്‍ നന്‍പന്‍ ബ്ലോക് ബസ്റ്റര്‍ സിനിമയിലെ നായകകഥാപാത്രത്തെ എങ്ങനെയാണ് മറക്കാനാവുക. സാമ്പ്രദായിക വിദ്യാഭ്യാസരീതിയോട് താത്പര്യമില്ലാതെ, അധ്യാപകരുടെ നോട്ടപ്പുള്ളിയായി, പരീക്ഷാഫലം വരുന്ന ദിവസം സുഹൃത്തുകളോടും സഹപാഠികളോടും യാത്ര പോലും പറയാതെ മുങ്ങി പിന്നീട് ലോകപ്രശസ്ത ശാസ്ത്രജ്ഞനായി മാറുന്ന നായകന്‍. സിനിമയുടെ കഥാതന്തു ഉണ്ടായത് ചേതന്‍ ഭഗത്തിന്റെ 'ഫൈവ് പോയിന്റ് സംവണ്‍: വാട്ട് നോട്ട് ടു ഡുഅറ്റ് ഐഐടി' എന്ന പുസ്തകത്തില്‍ നിന്നായിരുന്നു. 

എന്നാല്‍ 2004 ല്‍ പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പുതിയ ആശങ്ങളുമായെത്തി സോനം വാങ്ചുക്  ചെറുതായൊന്ന് ഞെട്ടിച്ചിരുന്നു. പുതിയ വിദ്യാഭ്യാസരീതിയുമായി  1988 ല്‍ ലഡാക്കില്‍ സ്റ്റുഡന്റ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക്(SECMOL) എന്ന ക്യാമ്പസ് സ്ഥാപിച്ചാണ് സോനം വാങ്ചുക് ആദ്യം മാധ്യമശ്രദ്ധ നേടിയത്. ക്യാംപസിനാവശ്യമായ വൈദ്യുതി സൗരോജ്ജത്തില്‍ നിന്ന് ലഭിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയും വാങ്ചുക് തന്നെ ആവിഷ്‌കരിച്ചിരുന്നു. ലഡാക്കിലെ അതിശൈത്യത്തെ പ്രതിരോധിക്കാന്‍ നിരവധി നൂതനാശയങ്ങളും അദ്ദേഹത്തിന്റെ സംഭാവനകളില്‍ പെടുന്നു. 

മറ്റു വിദ്യാര്‍ഥികളില്‍ നിന്ന് വ്യത്യസ്തനായതു കൊണ്ടു തന്നെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് മണ്ടനായാണ് സോനം വാങ്ചുക്കിനെ മറ്റുള്ളവര്‍ കണ്ടിരുന്നത്. മകനെ എന്‍ജിനീയറിങ് മേഖലയില്‍ വിടാന്‍ അച്ഛന് താത്പര്യമില്ലാതിരുന്നതിനാല്‍ എന്‍ജിനീയറിങ് പഠനത്തിനുള്ള പണം വാങ്ചുക് സ്വയം കണ്ടെത്തുകയായിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി  രണ്ട് കൊല്ലം ഫ്രാന്‍സിലെ ഗ്രെനോബിളിലെ ആര്‍കിടെക്ചര്‍ സ്‌കൂളിലും വാങ്ചുക് വിദ്യാര്‍ഥിയായി. വിവിധ സ്ഥാപനങ്ങളില്‍ സാങ്കേതികോപദേഷ്ടാവായും വാങ്ചുക് പ്രവര്‍ത്തിച്ചിരുന്നു. 

കഴിഞ്ഞ കൊല്ലം വാങ്ചുക് വാര്‍ത്തകളിലിടം പിടിച്ചത് ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു. അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വാങ്ചുക്കിന്റെ ആഹ്വാനം. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വാങ്ചുക്കിന്റെ ആഹ്വാനത്തില്‍ നടനും  പ്രശസ്ത മോഡലുമായ മിലിന്ദ് സോമന്‍ തന്റെ ടിക് ടോക് അക്കൗണ്ട് ഉപേക്ഷിച്ചിരുന്നു. പിന്നീടാണ് ടിക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ചത്. 

 

 

Content Highlights: Innovator Who Inspired '3 Idiots' Develops Solar Heated Tent For Army Sonam Wangchuk