കനയ്യ കുമാർ | ചിത്രം: PTI
ലഖ്നൗ: ചൊവ്വാഴ്ച ലഖ്നൗവിലെ കോണ്‍ഗ്രസ് ഓഫീസില്‍ വെച്ച് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനു വേണ്ടിയാണ് കനയ്യ കുമാര്‍ ലഖ്നൗവിലെത്തിയത്. എന്നാല്‍ കനയ്യ കുമാറിന് നേരെ എറിഞ്ഞത് മഷിയല്ലെന്നും ഒരുതരം ആസിഡാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെട്ടു.
'അക്രമികള്‍ കനയ്യ കുമാറിന് നേരെ ആസിഡ് എറിയാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നിരുന്നാലും, കുറച്ച് തുള്ളികള്‍ സമീപത്ത് നിന്ന 3-4 യുവാക്കളുടെ മേല്‍ വീണു,' നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തകര്‍ അക്രമിയെ പിടികൂടിയെങ്കിലും ഇയാളെ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലഖ്നൗവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് തേടി വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തുന്നതിനാണ് കനയ്യ കുമാര്‍ എത്തിയത്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ വിജയം നേടുമെന്ന് കനയ്യ കുമാര്‍ പറഞ്ഞു.
'ഹത്രാസ്, ഉന്നാവ്, ലഖിംപൂര്‍ ഖേരി സംഭവങ്ങള്‍ നടന്നത് മുതല്‍, നീതി തേടി കോണ്‍ഗ്രസ് തെരുവിലാണ്, രാജ്യം കെട്ടിപ്പടുക്കാത്തവര്‍ രാജ്യത്തെ വില്‍ക്കുകയാണ്, കോണ്‍ഗ്രസ് ഇന്ത്യയെ കെട്ടിപ്പടുത്തു, അതിനാല്‍ തന്നെ കോണ്‍ഗ്രസ് ഇത്തരക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുകയാണ്' കനയ്യ കുമാര്‍ പറഞ്ഞു.
2018ല്‍ ഗ്വാളിയോറില്‍ വെച്ച് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിക്കും കുമാറിനും നേരെ ഒരാള്‍ മഷി എറിഞ്ഞിരുന്നു. തങ്ങളുടെ 'സംവിധാന്‍ ബച്ചാവോ' പ്രതിഷേധത്തിന്റെ ഭാഗമായി ചേംബര്‍ ഓഫ് കൊമേഴ്സ് ഭവനില്‍ നടന്ന സെമിനാറിനെ അഭിസംബോധന ചെയ്യാന്‍ ഗ്വാളിയോറില്‍ എത്തിയതായിരുന്നു ഇരുവരും.
സെമിനാറിനെ അഭിസംബോധന ചെയ്യാന്‍ പോകുമ്പോള്‍ ഹിന്ദു സേനയുടെ മുകേഷ് പാല് ഇരുവര്‍ക്കും നേരെ മഷി എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞിരുന്നു.
Content Highlights: Ink thrown at Kanhaiya Kumar in Lucknow party leaders say it was acid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..