ശ്രീനഗര്‍: അടുത്ത കാലത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതോടെ ജമ്മു കശ്മീരില്‍ 30 മണിക്കൂറിലേറെയായി ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് കരസേന. വടക്കന്‍ കശ്മീരിലെ ഉറി സെക്ടറില്‍ ഇന്റര്‍നൈറ്റ്, മൊബൈല്‍ സേവനങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ നിര്‍ത്തിവച്ചു. ശനിയാഴ്ച വൈകീട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം ശ്രദ്ധയില്‍പ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.

ആയുധ ധാരികളായ ആറംഗ സംഘമാണ് പാകിസ്താനില്‍നിന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ചതെന്നാണ് ഡല്‍ഹിയില്‍നിന്ന് ലഭിക്കുന്ന വിവരം. നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സൈനികന് പരിക്കേറ്റു. നുഴഞ്ഞുകയറ്റം നടത്തുന്നതില്‍ ആറംഗ സംഘം വിജയിച്ചോ, അതോ സൈന്യം നടത്തിയ വെടിവെപ്പിനെത്തുടര്‍ന്ന് അവര്‍ തിരിച്ചപോയോ എന്നകാര്യം വ്യക്തമായിട്ടില്ല. ആരെങ്കിലും നുഴഞ്ഞു കയറിയിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്താനുള്ള തിരച്ചിലാണ് സൈന്യം നടത്തുന്നതെന്നാണ് വിവരം.

19 സൈനികര്‍ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിന്റെ അഞ്ചാം വാര്‍ഷിക ദിനമായിരുന്നു ശനിയാഴ്ച. 2016 സെപ്റ്റംബര്‍ 18 നാണ് ചാവേറുകള്‍ ഉറി സൈനിക താവളത്തിനുനേരെ ഭീകരാക്രമണം നടത്തിയത്. ഉറി ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തുകയും നിരവധി ഭീകര താവളങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറ്റം ഉണ്ടായതിന് പിന്നാലെ കശ്മീരിലെ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെക്കുന്നത് ആദ്യമായാണ്. ഇന്ത്യയുടെയും പാകിസ്താന്റെയും സേനകള്‍ തമ്മില്‍ ഫെബ്രുവരിയില്‍ വെടിനിര്‍ത്തല്‍ ധാരണ ഉണ്ടാക്കിയതിന് പിന്നാലെ നടക്കുന്ന ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്.

നുഴഞ്ഞു കയറ്റം തുടരുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ ധരണയ്ക്ക് പിന്നാലെ പാക് സൈന്യത്തില്‍നിന്ന് വെടിവെപ്പോ പ്രകോപനപരമായ നീക്കമോ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നു. നുഴഞ്ഞു കയറിയവരെ കണ്ടെത്തുന്നതിനുള്ള നീക്കം ഉറി സെക്ടറില്‍ 30 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കൂടുതല്‍ സൈന്യത്തെ ഉറി സെക്ടറിലേക്ക് എത്തിച്ചിട്ടുണ്ട്. വിശാലമായ പ്രദേശം വളഞ്ഞാണ് തിരച്ചില്‍.

Content Highlights: Infiltration attempt: combing operation in Uri; mobile, internet services snapped