പ്രതീകാത്മകചിത്രം | Photo: Mathrubhumi
ഭോപ്പാല്‍: ന്യുമോണിയ മാറാനെന്ന പേരില്‍ മധ്യപ്രദേശിലെ ഗോത്രമേഖലയില്‍ പിഞ്ചുകുഞ്ഞുങ്ങളോട് കൊടുംക്രൂരത. മാസങ്ങള്‍ മാത്രം പ്രായമായ ശിശിക്കളെ മന്ത്രവാദികള്‍ ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിച്ചു. നില ഗുരുതരമായ മൂന്നു കുട്ടികളെ ഝാബുവ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ കുട്ടികള്‍ക്കു വേണ്ടിയുള്ള ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസം, ആറുമാസം, ഏഴുമാസം പ്രായത്തിലുള്ള പിപിലിയഖാദന്‍, ഹദുമതിയ, സമോയ് എന്നീ ഗ്രാമങ്ങളില്‍നിന്നുള്ള ആണ്‍കുഞ്ഞുങ്ങളാണ് ക്രൂരതയ്ക്ക് ഇരകളായത്.
ചുമ, ജലദോഷം, പനി എന്നീ ബുദ്ധിമുട്ടുകളാണ് ആദ്യം കുട്ടികള്‍ക്ക് ഉണ്ടായിരുന്നത്. പിന്നീടാണ് ന്യുമോണിയയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, കുട്ടികളെ സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകുന്നതിന് പകരം മാതാപിതാക്കള്‍, മന്ത്രവാദികളുടെ അടുക്കല്‍ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മന്ത്രവാദികള്‍ കുട്ടികളുടെ നെഞ്ചിനും വയറിനും മീതേ ഇരുമ്പു പഴുപ്പിച്ച് പൊള്ളിച്ചു.
പൊള്ളലേറ്റതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ നില ഗുരുതരമാണെന്നാണ് വിവരം.
ന്യുമോണിയ ബാധിതരായ കുട്ടികളുടെ രോഗമുക്തിക്കെന്ന പേരില്‍ മന്ത്രവാദികളെ കൊണ്ട് അവരുടെ മേല്‍ ഇരുമ്പുപഴുപ്പിച്ചു പൊള്ളിക്കുന്ന അന്ധവിശ്വാസം ഝബുവ, അലിരാജ്പുര്‍ തുടങ്ങിയ ജില്ലകളില്‍ പുതിയ സംഭവമല്ലെന്ന് ഝബുവ ജില്ലാ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. സന്ദീപ് ചോപ്ര പറഞ്ഞു.
Content Highlights: infants branded with hot iron to treat pneumonia in madhyapradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..