രാഷ്ട്രപതി ദ്രൗപദി മുർമു, സ്വച്ഛ് സർവക്ഷൺ പുരസ്‌കാരം-2022 ഇന്ദോറിന് സമ്മാനിക്കുന്നു | Photo: ANI
ഭോപ്പാല്‍: തുടര്‍ച്ചയായ ആറാംവട്ടവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്ദോര്‍. ശനിയാഴ്ചയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിവര്‍ഷ ക്ലീന്‍ലിനെസ് സര്‍വേ ഫലം പ്രഖ്യാപിച്ചത്. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവിമുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.
ഈര്‍പ്പമുള്ളതും ഇല്ലാത്തതുമായ മാലിന്യങ്ങള്‍ വെവ്വേറെ ശേഖരിക്കുന്നത് മാലിന്യനിര്‍മാര്‍ജന പ്രക്രിയയില്‍ സാധാരണമാണ്. എന്നാല്‍ ഇന്ദോറില്‍, മാലിന്യങ്ങള്‍ ആറ് വിഭാഗങ്ങളായി വേര്‍തിരിച്ചാണ് മാലിന്യ പ്ലാന്റില്‍ എത്തിക്കുന്നത്. മാലിന്യം ശേഖരിക്കുന്ന സ്ഥലത്തുവെച്ചു തന്നെയാണ് ഈ വിഭജിക്കല്‍ നടക്കുന്നത്.
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമായ ഇന്ദോറിന്റെ ജനസംഖ്യ 35 ലക്ഷമാണ്. പ്രതിദിനം 1,900 ടണ്‍ മാലിന്യമാണ് ഇന്ദോറിലുണ്ടാകുന്നത്. ഇതില്‍ 1,200 ടണ്‍ ഈര്‍പ്പരഹിതമായ മാലിന്യവും 700 ടണ്‍ ഈര്‍പ്പമുള്ള മാലിന്യവുമാണ്. എന്നിരുന്നാലും മാലിന്യക്കൊട്ടകള്‍ ഇല്ലാത്ത നഗരമായി മാറാന്‍ ഇന്ദോറിന് കഴിഞ്ഞു.
വീടുകളില്‍നിന്നും വ്യാപാരസ്ഥാപനങ്ങളില്‍നിന്നും മാലിന്യം ശേഖരിക്കാന്‍ 850 വാഹനങ്ങളുണ്ടെന്ന് ഇന്ദോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ക്ലീന്‍ലിനെസ് വിങ് സുപ്രണ്ടന്റ് എന്‍ജിനീയര്‍ മഹേഷ് ശര്‍മ പറഞ്ഞു. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങള്‍ക്ക്, വ്യത്യസ്ത തരത്തിലുള്ള മാലിന്യങ്ങള്‍ സംഭരിക്കാന്‍ വെവ്വേറെ അറകളുമുണ്ട്.
നഗരത്തില്‍നിന്ന് ശേഖരിക്കുന്ന ഈര്‍പ്പമുള്ള മാലിന്യത്താല്‍ പ്രവര്‍ത്തിക്കുന്ന ബയോ സി.എന്‍.ജി. പ്ലാന്റാണ് ഇന്ദോറിന്റെ മാലിന്യനിര്‍മാര്‍ജനത്തിന്റെ ഹീറോ. 550 എം.ടി. പ്രതിദിന സംസ്‌കരണ ശേഷിയുള്ള ഈ പ്ലാന്റ് 2022 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. 17,000 മുതല്‍ 18,000 കിലോ ബയോ സി.എന്‍.ജിയും 10 ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കാന്‍ ഈ പ്ലാന്റിന് സാധിക്കും. ഇത്തരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ബയോ സി.എന്‍.ജി. ഉപയോഗിച്ച് ചുരുങ്ങിയത് 150 സിറ്റി ബസുകളാണ് ഓടുന്നത്. വാണിജ്യ സി.എന്‍.ജിയേക്കാള്‍ അഞ്ചു രൂപ, ഇതിന് കുറവാണു താനും.
മാലിന്യസംസ്‌കരണത്തിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14.45 കോടിരൂപ നേടാനും ഇന്ദോര്‍ മുന്‍സിപ്പാലിറ്റിക്കായി. ഇതില്‍ 8.5 കോടിരൂപ അന്താരാഷ്ട്ര വിപണിയില്‍ കാര്‍ബണ്‍ ക്രെഡിറ്റ് വില്‍പനയിലൂടെയും 2.52 കോടി രൂപ ബയോ സി.എന്‍.ജി. പ്ലാന്റിലേക്ക് മാലിന്യം കൈമാറുന്ന സ്വകാര്യസ്ഥാപനത്തില്‍നിന്നുള്ള പ്രതിവര്‍ഷ പ്രീമിയവുമാണ്. ഈ സാമ്പത്തികവര്‍ഷം മാലിന്യസംസ്‌കരണത്തിലൂടെ 20 കോടിരൂപ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മഹേഷ് ശര്‍മ പറഞ്ഞു. ഇന്ദോറിനെ ശുചിയായി സൂക്ഷിക്കാന്‍ പ്രത്യേകം ഷിഫ്റ്റുകളിലായി 8,500 ഓളം ശുചീകരണത്തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: indore bags indias cleanest city in sixth straight time
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..