ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. 21-ാമത് ഇന്ത്യ-റഷ്യ ഉച്ചകോടിയുടെ ഭാഗമായി ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച.

കോവിഡ് മഹാമാരിയുടെ സമയത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി ആമുഖമായി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തമാകുകയാണെന്നും അഫ്ഗാനിസ്താനിലെ സാഹചര്യങ്ങളിലും മറ്റ് വിഷയങ്ങളിലും ഇരുപക്ഷവും ബന്ധം പുലര്‍ത്തുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'നമ്മുടെ രണ്ട് രാജ്യങ്ങളും സമീപകാലത്തായി നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഞങ്ങള്‍ പരസ്പരം സഹകരിക്കുക മാത്രമല്ല. പരസ്പരം ബന്ധങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍, ലോകം നിരവധി അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും വിവിധ തരത്തിലുള്ള ഭൗമരാഷ്ട്രീയ സമവാക്യങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്തു, എന്നാല്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം സ്ഥിരമായി തുടര്‍ന്നു' മോദി പറഞ്ഞു.

ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം അന്താരാഷ്ട്ര സൗഹൃദത്തിന്റെ അതുല്യവും വിശ്വസനീയവുമായ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ ഒരു വലിയശക്തിയായും സൗഹൃദരാഷ്ട്രമായും ദീര്‍ഘകാല സുഹൃത്തായും തങ്ങള്‍ കാണുന്നു. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വളരുകയാണ്. വരുംകാലങ്ങളിലും ഇത് പ്രതീക്ഷിക്കുകയാണെന്നും പുതിന്‍ പറഞ്ഞു.