
1971 ഡിസംബർ മൂന്നിന് പാകിസ്താൻ നമുക്കെതിരേ നടത്തിയ വ്യോമാക്രമണത്തോടെ ബംഗ്ലാദേശിന്റെ വിമോചനത്തിനുകാരണമായ പതിന്നാലുദിന മിന്നൽയുദ്ധത്തിന് ഇന്ത്യ തുടക്കമിട്ടു. സത്യത്തിൽ, കിഴക്കൻ പാകിസ്താനിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് മാർച്ച് 25 മുതൽ ഒരു തുറന്നയുദ്ധത്തിന് ഇന്ത്യ തയ്യാറെടുക്കുകയായിരുന്നു.
പടിഞ്ഞാറൻ നിരയിലെ ചമ്പ് ജൗറിയൻ സബ് സെക്ടറിൽ പാകിസ്താൻ അപ്രതീക്ഷിതമായ ആക്രമണം നടത്തി. മാനവർ വാലി തവി പ്രദേശത്തിന്റെ പടിഞ്ഞാറുള്ള സ്ഥലം അവർ കൈപ്പിടിയിലാക്കി. ഗഡ്‌വാൾ റൈഫിൾസ് ബറ്റാലിയൻ 7-ൽ ഞാനന്ന് യുവമേജറായിരുന്നു. യുദ്ധമുഖത്തേക്കു ഞങ്ങൾ കുതിച്ചു. ബറ്റാലിയൻ പ്രതിരോധിച്ച ഇടങ്ങളിൽ ഡിസംബർ മൂന്ന് മുതൽ കനത്ത പാക് ഷെല്ലിങ് നടന്നു.
ചമ്പ് സാലിയന്റിൽ പാകിസ്താന്റെ 23-ാം ഇൻഫന്ററി ഡിവിഷൻ മേജർ ജനറൽ ഇഫ്‌തിക്കർ ഖാൻ ജൻജുവയുടെ നേതൃത്വത്തിൽ കവചിതവാഹനങ്ങളുടെ അകമ്പടിയോടെ ആക്രമണമുണ്ടായി. ഡിസംബർ ഒമ്പതിന് ചമ്പിൽ ഹെലികോപ്‌റ്റർ പൊട്ടിത്തെറിച്ച് ജനറൽ കൊല്ലപ്പെട്ടു. ഡിസംബർ 16-ന് ഞങ്ങൾക്ക് ആക്രമണനിർദേശം കിട്ടി. 22 മണിക്കൂറിനുള്ളിൽ ആക്രമിച്ചുകയറി തന്ത്രപ്രധാനമായ പോസ്റ്റുകൾ ഞങ്ങൾ പിടിച്ചെടുത്തു. അപ്പോഴേക്കും വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
പൂഞ്ച് മേഖലയിൽ നാം ധീരമായി പോരാടി, വ്യോമസേന അവിടെ നിർണായകമായ നേട്ടം കാഴ്ചവെച്ചു. ജമ്മു കശ്മീരിലെ അഖ്‌നൂരിലെ ചിക്കൻ നെക്ക് നമ്മൾ പിടിച്ചു. കാർഗിൽ ഉയരങ്ങളിലെ പോസ്റ്റുകളിൽനിന്ന് പാക് പടയെ തുരത്തി അവ കൈക്കലാക്കി. രവിനദിയുടെ കൈവഴിയായ ബസന്തർ നദീതീരത്തെയും ഷക്കാർഗഢ് മുനമ്പിലെയും യുദ്ധത്തിൽ നാം കടന്നുകയറി ശത്രുപ്രവിശ്യകൾ പിടിച്ചടക്കി. ലോംഗോവാല യുദ്ധമായിരുന്നു മറ്റൊരു ശ്രദ്ധാകേന്ദ്രം. അതൊരു ധീരമായ പോരാട്ടമായിരുന്നു. നമ്മുടെ വ്യോമസേന അവിടെ പാക് ടാങ്കുകളുടെ ഒരു ശവക്കോട്ടതന്നെ തീർത്തു. ‘ബോർഡർ’ സിനിമ നിങ്ങൾ കണ്ടുകാണും എന്നുകരുതുന്നതിനാൽ കൂടുതൽ പറയുന്നില്ല. റൽനോർ, ഖൂ ഖോർപ്പർ, ഗദ്ര നഗരം, ഖിൻസർ, പിരാനി കാ പാർ, പർബത് അലി എന്നീ സ്ഥലങ്ങളെല്ലാം ഇന്ത്യ പിടിച്ചെടുത്തു. നയാ ചോറിലെ യുദ്ധത്തിൽ പാക് പട തോറ്റോടിയപ്പോൾ വലിയൊരു പ്രദേശം നമുക്കധീനമായി.
മനേക് ഷായുടെ നിർദേശപ്രകാരം കിഴക്കൻ ബംഗാൾ മുഴുവൻ വരുതിയിലാക്കാൻ ഈസ്റ്റേൺ ആർമി കമാൻഡർ ലെഫ്. ജനറൽ ജഗജീത് സിങ് അറോറ പടപ്പുറപ്പാട് തുടങ്ങി. അതിനൊപ്പം നാഗാലാൻഡ്, മണിപ്പുർ, മിസോ കുന്നുകൾ എന്നിവിടങ്ങളിലെയും വടക്കൻ അതിർത്തിയിലെയും സുരക്ഷാച്ചുമതലകൂടി അദ്ദേഹത്തിനുണ്ടായിരുന്നു. കിഴക്കൻ ബംഗാളിൽ പാകിസ്താൻ കനത്ത പ്രതിരോധവ്യൂഹം ചമച്ചിരുന്നു.
വിമാനവാഹിനി വിക്രാന്ത് ഉൾപ്പെട്ട ഈസ്റ്റേൺ ഫ്ലീറ്റ് പാകിസ്താന്റെ ഗൺബോട്ടുകളെ തകർത്ത് ഉൾക്കടൽ ഉപരോധിച്ചു. എല്ലാ ഭാഗത്തുനിന്നും വളയപ്പെട്ട പാകിസ്താൻ സൈന്യത്തിന്റെ ധൈര്യം ചോർന്നു. ധാക്കയിലേക്ക് സഗത് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാരാട്രൂപ്പർമാർ പറന്നിറങ്ങി. ജീവൻ വേണമെങ്കിൽ കീഴടങ്ങാനുള്ള ലഘുലേഖകൾ ഇന്ത്യൻ ഹെലികോപ്റ്ററുകൾ വിതറി. ഒടുവിൽ ധാക്ക റേസ് കോഴ്‌സിൽ പാക് ഈസ്റ്റേൺ കമാൻഡ് തലവൻ കീഴടങ്ങൽ ഒപ്പുചാർത്തി. ജനറൽ അറോറയ്ക്കുമുന്നിൽ 93,000 പാക് പട്ടാളക്കാർ ആയുധംവെച്ചു കീഴടങ്ങി. പാകിസ്താനെ സംബന്ധിച്ചിടത്തോളം യുദ്ധം നാണംകെട്ട പരാജയമായിത്തീർന്നു. സാമ്പത്തികമായും രാഷ്ട്രീയമായും സൈനികമായും അവരുടെ നട്ടെല്ലൊടിഞ്ഞു. പരമ്പരാഗതയുദ്ധത്തിൽ ഇന്ത്യയെ വെല്ലാൻ അവർക്കൊരിക്കലുമാവില്ലെന്ന് തെളിഞ്ഞു. നമ്മുടെ ചരിത്രവിജയം ആഘോഷിക്കുന്ന ഈവേളയിൽ രാജ്യത്തിനായി ജീവൻ കൊടുത്തവർക്കായി നമുക്ക് ആദരാഞ്ജലികൾ അർപ്പിക്കാം.
- ലെഫ്. ജന. എം.സി. ഭണ്ഡാരി (റിട്ട.)
(സൈനിക, നയതന്ത്ര വിശകലന വിദഗ്ധനാണ് ലേഖകൻ)
തോൽക്കാത്ത ജനറൽ

വർഷം 1961. പോർച്ചുഗലിലെ ലിസ്ബൻ നഗരത്തിന്റെ ചുവരുകളിൽ ഒരു ഇന്ത്യൻ സൈനികോദ്യോഗസ്ഥന്റെ മുഖം തെളിഞ്ഞു. ചിത്രത്തിൽ കാണുന്നയാളെ പിടിച്ചുകൊടുക്കുന്നവർക്ക് പതിനായിരം ഡോളർ പാരിതോഷികം നൽകുമെന്ന പ്രഖ്യാപനവും അതോടൊപ്പമുണ്ടായിരുന്നു. ഗോവയെ പോർച്ചുഗീസ് നിയന്ത്രണത്തിൽനിന്ന് മോചിപ്പിച്ച് ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച സൈനികനീക്കത്തിലെ നായകൻ ബ്രിഗേഡിയർ സഗത് സിങ് ആയിരുന്നു വിലപിടിപ്പുള്ള ആ മനുഷ്യൻ. 1971-ൽ സഗത് സിങ്ങിന്റെ ക്യാമ്പ് ഉദ്യോഗസ്ഥനും പിന്നീട് മേജർ ജനറലുമായ രൺധീർ സിങ് കാലങ്ങൾക്കുശേഷം തന്റെ മുൻ ഉദ്യോഗസ്ഥമേധാവിയുടെ ജീവചരിത്രം എഴുതി. ആ സാഹസികജീവിതത്തിന് ഏറ്റവും അനുയോജ്യമായ വിശേഷണമാണ് പുസ്തകത്തിന് തലക്കെട്ടായി എഴുത്തുകാരൻ കണ്ടെത്തിയത് - യുദ്ധ പ്രതിഭ (A Talent for War).
നാട്ടുരാജ്യമായിരുന്ന ബിക്കാനീറിലെ ചുരുവിൽ കുസുംദേശർ ഗ്രാമത്തിലാണ് 1919 ജൂലായ് 14-ന് സഗത് സിങ് ജനിച്ചത്. ബിക്കാനീർ സൈന്യത്തിൽ അംഗമായിരുന്ന ബ്രിജ്‌ലാൽ സിങ് റാത്തോഡിന്റെയും ജദാവോ കൻവാറിന്റെയും മകൻ. 1938-ൽ ഇന്റർമീഡിയറ്റ് കഴിഞ്ഞശേഷം സഗത് സിങ്ങും ബിക്കാനീർ സ്റ്റേറ്റ് ഫോഴ്‌സിൽ നായിക്കായി ചേർന്നു. രണ്ടാം ലോകയുദ്ധകാലത്ത് ബിക്കാനീർ രാജാവ് അദ്ദേഹത്തിന് സെക്കൻഡ് ലെഫ്റ്റനന്റിന്റെ ചുമതല നൽകി. 1949-ൽ 3 ഗൂർഘാ റൈഫിൾസ് റെജിമെന്റിലൂടെ സഗത് സിങ് ഇന്ത്യൻ ആർമിയുടെ ഭാഗമായി.
മേഘ്‌നയുടെ വിമോചകൻ
1970 ഡിസംബറിൽ ലഫ്റ്റ്‌നന്റ് ജനറലായി സഗത് സിങ്ങിന് സ്ഥാനക്കയറ്റം കിട്ടി. IV കോറിന്റെ ചുമതലയായിരുന്നു അദ്ദേഹത്തിന്.
ബംഗ്ലാദേശ് വിമോചനത്തിനായി യുദ്ധംചെയ്യാൻ ഇറങ്ങുമ്പോൾ ധാക്ക പിടിച്ചെടുക്കുക എന്ന ലക്ഷ്യം ഇന്ത്യൻ സൈന്യത്തിന്റെ ആലോചനകളിൽ ഉണ്ടായിരുന്നില്ല. ധാക്കയ്ക്ക് അതിരിടുന്ന നദീതടങ്ങൾ വരെ മുന്നേറാനും അതിനുശേഷം സ്വാതന്ത്ര്യം പ്രഖ്യാപനവുമായിരുന്നു പദ്ധതി. ത്രിപുരയിൽനിന്ന് മേഘ്‌നാ നദി വരെ മുന്നേറാനുള്ള ദൗത്യമാണ് സഗത് സിങ്ങിന് ലഭിച്ചത്. കിഴക്കൻ പാകിസ്താനിലെ വിജയം പൂർണമാകണമെങ്കിൽ ധാക്കയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്നും എതിരാളികളെക്കൊണ്ട് അടിയറവ് പറയിക്കണമെന്നും സഗത് സിങ്ങിന് സംശയമുണ്ടായില്ല. മുന്നിൽ വിസ്തരിച്ചുകിടന്ന മേഘ്‌ന നദിക്കുപോലും അദ്ദേഹത്തെ തടയാൻ കഴിഞ്ഞില്ല.
ആദ്യമായി ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള യുദ്ധത്തിന് സഗത് സിങ് നേതൃത്വം നൽകി. പിന്നീടുണ്ടായത് ചരിത്രം. IV കോറിന് മുന്നിൽ ധാക്ക വീണു. പാകിസ്താൻ പട്ടാളത്തിന്റെ ലഫ്റ്റ്‌നന്റ് ജനറൽ നിയാസി കീഴടങ്ങുന്നതായി എഴുതി ഒപ്പിട്ട് നൽകി. 93000 പാകിസ്താനി പട്ടാളക്കാർ ഇന്ത്യൻ സേനയ്ക്കുമുന്നിൽ മുട്ടുകുത്തി.
1979-ൽ സേനയിൽനിന്ന് വിരമിച്ചശേഷം ജനറൽ സഗത് ജയ്‌പുരിൽ താമസമാക്കി. അദ്ദേഹത്തിന്റെ വീടിനും മൂത്ത പേരക്കുട്ടിക്കും ഒരേ പേരാണ് - മേഘ്‌ന. 2001 സെപ്റ്റംബർ 26-ന് ജനറൽ സഗത് സിങ് അന്തരിച്ചു.
ജയ്‌പുരിലെ പ്രധാനപ്പെട്ട ഒരു നിരത്ത് സഗത് സിങ്ങിന്റെ പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. പരമ വിശിഷ്ട സേവാ മെഡലും പദ്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. എന്നാൽ, ആ ജീവിതത്തിന്റെ സംഭാവനകളുമായി തുലനം ചെയ്യുമ്പോൾ ബഹുമതികളൊക്കെയും എത്രയോ ചെറുതാണ്. ഒരിക്കലും തോൽക്കാത്ത ജനറലാണ് സഗത് സിങ്. 1971-ൽ ഇന്ത്യക്കുവേണ്ടി യുദ്ധം ജയിച്ച് ബംഗ്ലാദേശിനെ സ്വാതന്ത്ര്യത്തിലേക്ക് എത്തിച്ചയാൾ.
- ലെഫ്. ജന. ചെറിഷ് മാത്‌സൺ (റിട്ട.)
(സൗത്ത് വെസ്റ്റേൺ ആർമി കമാൻഡർ ആയി വിരമിച്ച ലേഖകൻ സ്‌ട്രൈക്ക് കോറിന്റെ കമാൻഡറുമായിരുന്നു)
ഗൂംഗി ഗുഡിയ ദുര്‍ഗയായ കഥ
കൃഷ്ണപ്രിയ ടി. ജോണി

വെറും 13 ദിവസംകൊണ്ട് പാകിസ്താനെ മുട്ടുകുത്തിച്ച് കിഴക്കന്‍ പാകിസ്താനെ സ്വതന്ത്ര ബംഗ്ലാദേശെന്നു പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യ ആര്‍പ്പുവിളിച്ചത് ഒരാള്‍ക്കുവേണ്ടി-ബംഗ്ലാദേശ് വിമോചനയുദ്ധത്തിന്റെ നെടുംതൂണായിരുന്ന ഇന്ദിരാഗാന്ധിക്കുവേണ്ടി. 1967-ല്‍ ഗൂംഗി ഗുഡിയ (മിണ്ടാട്ടമില്ലാത്ത പാവക്കുട്ടി) എന്നു വിളിച്ച് പരിഹസിച്ച ഇന്ദിരയെ പിന്നീട് ലോകംകണ്ടത് ഇന്ത്യയുടെ ദുര്‍ഗയായി. ഒമ്പതുമാസത്തെ കാത്തിരിപ്പിനും തയ്യാറെടുപ്പുകള്‍ക്കുമൊടുവില്‍ പഴുതടച്ച നയതന്ത്രനീക്കങ്ങളിലൂടെ ഇന്ദിരയെന്ന കൂര്‍മബുദ്ധിയായ പ്രധാനമന്ത്രി രാജ്യത്തിന്റെ സൈന്യത്തിന് വിജയവഴിയൊരുക്കുകയായിരുന്നു.
ഇടക്കാല ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തി 1971 മാര്‍ച്ച് 18-ന് വന്‍ഭൂരിപക്ഷത്തോടെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ കിഴക്കന്‍ പാകിസ്താനില്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ മൂര്‍ധന്യത്തിലെത്തിയിരുന്നു. കിഴക്കന്‍ പാകിസ്താനില്‍ പാക് സൈന്യം നടത്തിയ കൂട്ടക്കൊലയും തുടര്‍ന്നുള്ള അഭയാര്‍ഥിപ്രവാഹവും കണ്ടതോടെ അതുവരെ കിഴക്കന്‍ പാക് വിഷയത്തില്‍ ചേരിചേരാ നയം തുടര്‍ന്ന ഇന്ദിര നയം മാറ്റി. ഇതിനിടെ, പാകിസ്താനുമേല്‍ സമ്മര്‍ദംചെലുത്തി കിഴക്കന്‍ പാകിസ്താനെതിരായ സൈനിക നടപടി അവസാനിപ്പിക്കാന്‍ ണ്ടയു.എസ്. അടക്കമുള്ള അന്താരാഷ്ട്രശക്തികളോട് ഇന്ദിര ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.
ഇന്ദിരയോട് അകാരണമായ അനിഷ്ടം പുലര്‍ത്തിയിരുന്നു അന്നത്തെ യു.എസ്. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ 'ആ സ്ത്രീ' എന്നാണ് ഇന്ദിരയെ സംബോധന ചെയ്തിരുന്നത്. മറുഭാഗത്ത് പാകിസ്താന്‍ സൈനിക ജനറല്‍ യഹ്യാ ഖാനോട് എന്തെന്നില്ലാത്ത സൗഹൃദവും. ജൂലായ് ആദ്യവാരം അന്നത്തെ യു.എസ്. ദേശീയസുരക്ഷാ ഉപദേഷ്ടാവ് ഹെന്റി കിസ്സിന്‍ജര്‍ ഇന്ത്യ സന്ദര്‍ശിച്ചവേളയില്‍ ഇന്ദിര അദ്ദേഹത്തെ പ്രഭാതഭക്ഷണത്തിനു ക്ഷണിച്ചു. കിസ്സിന്‍ജറിനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്ക് കരസേനാ മേധാവി മനേക് ഷായെക്കൂടി ഇന്ദിര ക്ഷണിച്ചിരുന്നു. സൈനിക യൂണിഫോമില്‍തന്നെ ഷാ എത്തണമെന്ന് ഇന്ദിര ശഠിച്ചു. മൂവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെ കിഴക്കന്‍ പാകിസ്താന്‍ ജനതയുടെ ജനാധിപത്യപരമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ യു.എസ്. പാകിസ്താനോട് ആവശ്യപ്പെടണമെന്നും അഭയാര്‍ഥിപ്രശ്‌നം ഇന്ത്യയുടെ കൈവിട്ടുപോകുകയാണെന്നും ഇന്ദിര കിസ്സിന്‍ജറിനെ അറിയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരുറപ്പും നല്‍കാനാവില്ലെന്നായിരുന്നു കിസ്സിന്‍ജറുടെ മറുപടി. അങ്ങനെയെങ്കില്‍, കിഴക്കന്‍ പാകിസ്താനില്‍ സൈനിക ഇടപെടല്‍ നടത്താന്‍ മനേക് ഷായോട് ആവശ്യപ്പെടുമെന്ന് ഇന്ദിര അതേനാണയത്തില്‍ മുന്നറിയിപ്പ് നല്‍കി. ഡല്‍ഹിയില്‍നിന്ന് പാകിസ്താനിലേക്കാണ് കിസ്സിന്‍ജര്‍ പോയത്. അവിടെനിന്ന് രഹസ്യമായി ചൈനയിലെ പീക്കിങ്ങിലേക്കും. ഇന്ത്യക്കെതിരേ പാകിസ്താന്‍- യു.എസ്. -ചൈന സഖ്യം രൂപപ്പെടുന്നെന്ന് മനസ്സിലാക്കിയ ഇന്ദിര ഒരുമാസത്തിനുള്ളില്‍ സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടിയില്‍ ഒപ്പുവെച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ യു.എസ്. തങ്ങളുടെ കപ്പല്‍പ്പടയെ വിന്യസിച്ചപ്പോള്‍ വ്‌ലാഡിവൊസ്‌തോക്കില്‍നിന്ന് സോവിയറ്റ് യൂണിയന്റെ അണ്വായുധശേഷിയുള്ള കപ്പല്‍വ്യൂഹത്തെ എത്തിച്ച് ചെറുക്കാനും മറുഭാഗത്ത് ചൈനയുടെ സൈനികനീക്കം തടയാനും ഇന്ദിര ഉപയോഗിച്ചത് സോവിയറ്റുയൂണിയനുമായുണ്ടാക്കിയ ആ ഉടമ്പടിയാണ്.
ഇന്ത്യ സംയമനംപാലിക്കണമെന്നും പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്നും പറഞ്ഞവരോട് ഇന്ദിരയുടെ മറുപടി ഇതായിരുന്നു: 'ഇത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കമല്ല. ചര്‍ച്ച നടക്കേണ്ടത് പാകിസ്താന്റെ പ്രസിഡന്റും ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശിലെ അവാമിലീഗും തമ്മിലാണ്'. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാനും ഇന്ദിര മറന്നില്ല. ബി.ബി.സി.യില്‍ ജൊനാഥന്‍ ഡിംബിള്‍ബിക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യ സംയമനം പാലിക്കാത്തതെന്തെന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് 'ഹിറ്റ്ലര്‍ വംശഹത്യ നടത്തുമ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ജൂതന്മാര്‍ മരിച്ചോട്ടെയെന്നും ജര്‍മനിയുമായി സമാധാനചര്‍ച്ച നടത്തൂവെന്നും ആവശ്യപ്പെടാതിരുന്നത്' എന്ന് തിരിച്ചടിച്ചു.
ഡിസംബര്‍ മൂന്നിന് പാകിസ്താന്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം നടത്തുമ്പോള്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ ജനങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ദിര. ആക്രമണവിവരം ലഭിച്ചതോടെ ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയ ഇന്ദിരയ്ക്ക് സൈന്യം സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയിരുന്നു. അര്‍ധരാത്രിയോടെ മന്ത്രിസഭായോഗവും പ്രതിപക്ഷനേതാക്കളുടെ യോഗവും വിളിച്ച ഇന്ദിര അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പാകിസ്താനെതിരേ യുദ്ധം ആരംഭിക്കുന്നെന്ന വിവരം അവര്‍ ആകാശവാണിയിലൂടെ ലോകത്തെ അറിയിച്ചു.
കരസേനയ്‌ക്കൊപ്പം നാവികസേനയും വ്യോമസേനയും യുദ്ധത്തില്‍ പങ്കെടുക്കുന്നതിനും ഇന്ദിര അനുമതി നല്‍കി. ഒടുവില്‍ രണ്ടാംലോകയുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ കീഴടങ്ങലിലൂടെ പാകിസ്താനെ അടിയറവു പറയിച്ചു. ബംഗ്ലാദേശ് എന്ന പുതിയ രാജ്യം പിറന്നു. ഇന്ദിരയെ ആളുകള്‍ കക്ഷിരാഷ്ട്രീയഭേദമെന്യേ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി. ഇന്ത്യയുടെ 'ദുര്‍ഗ'യെന്ന് പ്രതിപക്ഷനേതാവ് അടല്‍ ബിഹാരി വാജ്പേയി ഇന്ദിരയെ വിളിക്കുമ്പോള്‍ അത് പഴയ 'പാവക്കുട്ടി' എന്ന പരിഹാസത്തിന് കാലംകരുതിവെച്ച മറുപടിയായി.
Content Highlights: indo pak war the days we fought with full strength
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..