എം.കെ. സ്റ്റാലിൻ | Photo: PTI
കോയമ്പത്തൂര്‍: അടിയന്തരാവസ്ഥയെ എതിര്‍ക്കാതിരിക്കാന്‍ ഡി.എം.കെയോട് ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടിരുന്നെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. എന്നാല്‍, ഈ ആവശ്യം അന്നത്തെ മുഖ്യമന്ത്രി കരുണാനിധി തള്ളിക്കളഞ്ഞെന്നും ജനാധിപത്യത്തെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചെന്നും സ്റ്റാലിന്‍ പറഞ്ഞു. അടിയന്തരാവസ്ഥയെ എതിര്‍ത്തതുകാരണം അദ്ദേഹത്തിന് അധികാരം നഷ്ടമായെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.
1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍, അതിനെ എതിര്‍ക്കരുതെന്ന് ആവശ്യപ്പെടാന്‍ ഇന്ദിരാഗാന്ധി തന്റെ ദൂതന്മാരെ കരുണാനിധിയുടെ അടുക്കലേക്ക് അയച്ചു. അഭ്യര്‍ഥന കേട്ടില്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഒരു പ്രതിസന്ധിയില്‍ സ്വയരക്ഷയ്ക്ക് വേണ്ടിയായിരുന്നു അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.
'അന്ന് ഞങ്ങളായിരുന്നു തമിഴ്‌നാട് ഭരിക്കുന്നത്. കലൈഞ്ജര്‍ക്ക് ഒരു സന്ദേശം ലഭിച്ചു. എവിടെനിന്ന്?, ഡല്‍ഹിയില്‍ നിന്ന്. അടിയന്തരാവസ്ഥയെ എതിര്‍ക്കെരുതെന്ന് അറിയിക്കാന്‍ മാഡം ഇന്ദിരാഗാന്ധി നിയോഗിച്ച ദൂതന്മാര്‍ എത്തി. എതിര്‍ത്താല്‍ സര്‍ക്കാര്‍ അടുത്ത നിമിഷം താഴെവീഴുമെന്ന് അവര്‍ അറിയിച്ചു', സ്റ്റാലിന്‍ പറഞ്ഞു.
എന്നാല്‍, തന്റെ ജീവന്‍പോയാലും പ്രശ്‌നമില്ല, ജനാധിപത്യമാണ് തനിക്ക് വലുതെന്ന് കരുണാനിധി പറഞ്ഞു. പിന്നീട് മറീനയില്‍ നടന്ന പൊതുയോഗത്തില്‍ അടിയന്തരാവസ്ഥയ്ക്ക് എതിരായി കരുണാനിധി പ്രമേയം അവതരിപ്പിച്ചു. ഉടന്‍ തന്നെ ഡി.എം.കെ. സര്‍ക്കാരിനെ പിരിച്ചുവിട്ടു. ഞങ്ങളെയെല്ലാം അറസ്റ്റ് ചെയ്‌തെന്നും സ്റ്റാലിൻ പറഞ്ഞു. എ.ഐ.എ.ഡി.എം.കെ, ഡി.എം.ഡി.കെ. എന്നീ പാര്‍ട്ടികള്‍ വിട്ട് ഡി.എം.കെയില്‍ ചേര്‍ന്ന 4,000-ഓളം പേരെ സ്വീകരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു എം.കെ. സ്റ്റാലിന്‍.
Content Highlights: Indira Gandhi Urged DMK Not To Oppose Emergency, Says MK Stalin
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..