മ്മുടെ ഇഷ്ടത്തിനൊത്തായാലും അല്ലെങ്കിലും  സമ്മാനം നല്‍കുന്ന വ്യക്തിയ്ക്ക് നന്ദിയറിയിക്കുന്നത് ഒരു മര്യാദയാണ്. സമ്മാനം നല്‍കലും നന്ദിയറിയിക്കലും രണ്ട് പ്രമുഖ വ്യക്തികള്‍ തമ്മിലാകുമ്പോള്‍ അതിന് കൂടുതല്‍ പ്രാധാന്യവും പ്രചാരവും കൈവരും. തനിക്ക് സുഗന്ധദ്രവ്യങ്ങള്‍ സമ്മാനിച്ച വ്യവസായ പ്രമുഖന്‍ ജെആര്‍ഡി ടാറ്റയ്ക്ക് നന്ദിയറിയിച്ച് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എഴുതിയ കത്താണ് മൂന്ന് നാല് ദിവസമായി ട്വിറ്ററില്‍ വൈറല്‍. ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനായ ഹര്‍ഷ ഗോയെങ്കയാണ് ട്വിറ്ററിലൂടെ കത്തിന്റെ ഫോട്ടോ ഷെയര്‍ ചെയ്തത്.  

ഏകദേശം അമ്പത് കൊല്ലത്തോളം പഴക്കമുണ്ട് കത്തിന്. 1973 ജൂലായ് അഞ്ചിനാണ് 'ജെ' എന്ന സംബോധനയോടെ ഇന്ദിരാഗാന്ധി തനിക്ക് നല്‍കിയ സമ്മാനത്തിന് നന്ദിയറിയിച്ചിരിക്കുന്നത്‌. സമ്മാനം ലഭിച്ചതില്‍ അതീവ സന്തുഷ്ടയാണെന്നാണ് കത്ത് ആരംഭിക്കുന്നത്. 'സ്‌റ്റൈലന്‍' ജീവിതം ഒഴിവാക്കിയിരിക്കുന്ന തനിക്ക് പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുന്ന ശീലമോ അവയെ കുറിച്ച് വലിയ ധാരണയോ ഇല്ലെന്ന് ഇന്ദിര കത്തില്‍ കുറിച്ചിരിക്കുന്നു. എങ്കിലും താനവ ഒന്ന് 'പരീക്ഷിച്ചു നോക്കുന്നതാണെ'ന്നും കത്തില്‍ പറയുന്നുണ്ട്. 

ടാറ്റയുമായുള്ള കൂടിക്കാഴ്ച നന്നായിരുന്നുവെന്നും ഏതു വിഷയത്തെ കുറിച്ചും അനുകൂലമോ മറിച്ച് വിമര്‍ശനാത്മകമോ ആയ അഭിപ്രായമുണ്ടെങ്കില്‍ തന്നെ നേരിട്ട് വന്നു കാണുന്നതിനോ കത്തെഴുതി അറിയിക്കുന്നതിനോ മടിക്കേണ്ടതില്ലെന്നും ഇന്ദിര എഴുതിയിരിക്കുന്നു. ടാറ്റയ്ക്കും അദ്ദേഹത്തിന്റെ ഭാര്യ തെല്‍മ വികാജി ടാറ്റയ്ക്കും നന്മകള്‍ നേര്‍ന്നാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. ഇന്ദിരയും ടാറ്റയും തമ്മില്‍ ഊഷ്മളമായ സൗഹൃദം നിലനിന്നിരുന്നു.

കത്തിന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ ട്വീറ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ ട്വീറ്റ് റീട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ഉരുക്കുവനിതയെ കുറിച്ച് നിരവധി പേര്‍ റിപ്ലൈയിലൂടെ ഓര്‍മിച്ചു. കരുത്തുറ്റ ഭരണനേതൃത്വത്തെ കുറിച്ച് പലരും സൂചിപ്പിച്ചു. ഡോക്ടര്‍ നീലിമ ശ്രീവാസ്തവ ഇന്ദിരയുടെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ട്വീറ്റ് ചെയ്താണ് ഗോയെങ്കയുടെ പോസ്റ്റിനോട് പ്രതികരിച്ചത്.

ഒരു സ്റ്റൂളിലിരുന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന ഇന്ദിരയുടെ ഫോട്ടോയാണത്. ലഖ്‌നൗവില്‍ ഒരു തുറന്ന ജീപ്പിലുള്ള ഇന്ദിരയുടെ യാത്രയും ലളിതമായ വസ്ത്രധാരണവും സ്‌നേഹപൂര്‍ണമായ പെരുമാറ്റവും ഡോക്ടര്‍ നീലിമ ഫോട്ടോയോടൊപ്പം കുറിച്ചു.

കത്തുകളിലൂടെ തന്റെ കുടുംബാംഗങ്ങളുമായും വ്യവസായ പങ്കാളികളുമായും അന്നത്തെ പ്രമുഖ നേതാക്കളായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരുമായും കത്തുകളിലൂടെ നിരന്തരം ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ് ടാറ്റയെന്ന് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് പ്രതികരിച്ചു.

 

 

 Content Highlights: Indira Gandhi's Letter To JRD Tata Dated 1973