നാഗ്പുര്‍: മികവ് തെളിയിക്കാന്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് സ്ത്രീ സംവരണം വേണ്ടിവന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കോണ്‍ഗ്രസിലെ പുരുഷന്മാരായ നേതാക്കളെക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ വനിതാ സ്വയം സഹായ സംഘത്തിന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞെതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

വനിതാ സംവരണത്തിന് താന്‍ എതിരല്ലെന്നും എന്നാല്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലെ മറ്റുനേതാക്കളെക്കാള്‍ മികവ് തെളിയിക്കാന്‍ ഇന്ദിരാഗാന്ധിക്കായി. സംവരണം ഉള്ളതുകൊണ്ടാണോ ഇത് സാധ്യമായത് ?

ബിജെപി നേതാക്കളായ കേന്ദ്രമന്ത്രി സുഷമ സ്വരാജും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെയും ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജനുമെല്ലാം സ്ത്രീ സംവരണത്തിന്റെ പിന്‍ബലമില്ലാതെയാണ് രാഷ്ട്രീയത്തില്‍ തിളങ്ങിയത്.

സ്ത്രീകള്‍ക്ക് സംവരണം ലഭിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, ഒരാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് അറിവിന്റെ പിന്‍ബലത്തോടെയാണ്. ജാതിയുടെയോ മതത്തിന്റെയോ ഭാഷയുടെയോ പിന്തുണയോടെയല്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള രാഷ്ട്രീയത്തിന് താന്‍ എതിരാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

Content Highlights: Indira Gandhi,  women's reservation, Nitin Gadkari