-
ന്യൂഡൽഹി: ഫെയ്‌സ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെ കോണ്‍ഗ്രസ് ഫെയ്‌സ്ബുക്കിനയച്ച കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി.
ഫെയ്‌സ്ബുക്ക് ഇന്ത്യാ വിവാദം ഉന്നതതല സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണ് കത്തയച്ചത്. അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്നും കോണ്‍ഗ്രസ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞങ്ങള്‍ നേടിയെടുത്ത ജനാധിപത്യത്തെ വ്യാജവാര്‍ത്തകളിലൂടേയും വിദ്വേഷപ്രസംഗത്തിലൂടേയും തകര്‍ക്കുന്നത് അനുവദിക്കാനാവില്ല. രാജ്യത്തെ വ്യാജവാര്‍ത്തകളുടെയും വിദ്വേഷ പ്രസംഗങ്ങളുടേയും പ്രചാരണത്തിലും ഫെയ്‌സ്ബുക്കിന്റെ പങ്ക് ജനങ്ങളാല്‍ ചോദ്യം ചെയ്യപ്പെടണമെന്ന കുറിപ്പോടെയാണ് സുക്കര്‍ബര്‍ഗിനയച്ച കത്തിന്റെ പകര്‍പ്പ് രാഹുല്‍ പുറത്തുവിട്ടത്.
കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിങ്ങിനെതിരെ നടപടിയെടുക്കാന്‍ ഫേയ്‌സ്ബുക്ക് തയ്യാറായില്ലെന്നാണ് വാള്‍ സ്ട്രീറ്റ് ജേർണലിന്റെ റിപ്പോര്‍ട്ട്. രാജ സിങ്ങിനെ ഫേയ്‌സ്ബുക്കില്‍നിന്ന് വിലക്കാതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്‌സിക്യൂട്ടീവ് അങ്കി ദാസ് ഇടപെട്ടുവെന്നും വാള്‍സ്ട്രീറ്റ് ജേണല്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഫെയ്‌സ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടര്‍ അങ്കി ദാസിനെതിരെ ഛത്തീസ്ഗഡ് പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തി, സാമുദായിക ശത്രുത വളര്‍ത്തി, ഭീഷണിപ്പെടുത്തല്‍, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..