ചെന്നൈ: ഇന്ത്യക്കാരെ പോലെ നിഷ്‌കളങ്കരായ ജനങ്ങളെ ലോകത്തെവിടെയും കാണാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ കണ്ണും പൂട്ടി വിശ്വസിക്കുന്നവരാണ് ജനങ്ങളെന്നും ചിദംബരം പറഞ്ഞു. 

ഒരു സാഹിത്യ സമ്മേളനത്തെ സംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാരെ പോലെ നിഷ്‌കളങ്കരായ ജനങ്ങളെ താന്‍ മറ്റെവിടെയും കണ്ടിട്ടില്ല. പത്രങ്ങളില്‍ എന്തെങ്കിലും അച്ചടിച്ചുവന്നാല്‍ നമ്മള്‍ വിശ്വസിക്കും. രണ്ടു പത്രങ്ങളുടെ പേര് പരാമര്‍ശിച്ചുകൊണ്ട് ചിദംബരം വ്യക്തമാക്കി. രാജ്യത്തെ എല്ലാ ഗ്രാമങ്ങളും വൈദ്യുതവത്കരിച്ചിട്ടുണ്ടെന്നും 99 ശതമാനം വീടുകളിലും ശൗചാലയം ഉണ്ടെന്നുമുള്ള വാര്‍ത്തകള്‍ വിശ്വസിക്കുന്നത് പോലെയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കാര്യവും. 

ഡല്‍ഹിയിലെ തന്റെ ഡ്രൈവറുടെ പിതാവിന് ഒരു ശസ്ത്രക്രിയ ആവശ്യമായി വന്നപ്പോള്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ശസ്ത്രക്രിയ ചെയ്യാനായി ശ്രമിച്ചെങ്കിലും അത് നടന്നില്ലെന്നും ചിദംബരം ആരോപിച്ചു.

ഡ്രൈവറോട് ആയുഷ്മാന്‍ ഭാരത് കാര്‍ഡ് ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഡ്രൈവര്‍ കാര്‍ഡ് എടുത്ത് കാണിച്ചു. അതുമായി ആശുപത്രിയില്‍ പോകാന്‍ ഡ്രൈവറോട് നിര്‍ദേശിച്ചു. കാര്‍ഡുമായി ഡ്രൈവര്‍ നിരവധി ആശുപത്രികള്‍ കയറിയിറങ്ങി. എന്നാല്‍ എല്ലാ ആശുപത്രിയില്‍ നിന്നും ലഭിച്ച മറുപടി ഇത്തരമൊരു കാര്‍ഡിനെക്കുറിച്ച് അവര്‍ക്കൊന്നും അറിയില്ലെന്നായിരുന്നു. പക്ഷേ നമ്മുടെ വിശ്വാസം ആയുഷ്മാന്‍ പദ്ധതി ഇന്ത്യ മുഴുവനും ഉണ്ടെന്ന് തന്നെയാണ്. നമ്മള്‍ വിശ്വസിക്കുന്നത് ഏത് അസുഖത്തിനും ഇന്ത്യയിലെവിടെയും ആയുഷ്മാന്‍ പദ്ധതിപ്രകാരം പണം ചെലവഴിക്കാതെ ചികിത്സ ലഭിക്കുമെന്നാണ്. ഇത്തരത്തില്‍ പല തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുകയും നമ്മള്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. ചിദംബരം പറഞ്ഞു. 

Content Highlight: Indians are innocents; P Chidambaram, criticise Ayushman Bharat scheme