ന്യൂഡൽഹി:പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളിൽ നിന്നുളള പിൻമാറ്റം പൂർണമായതായി ഇന്ത്യൻ സൈന്യം വെള്ളിയാഴ്ച സ്ഥിരീകരിച്ചു.

ഇന്ത്യൻ സൈന്യവും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിൽ നടക്കാനിരിക്കുന്ന പത്താംവട്ട കമാൻഡർതല ചർച്ച സംഘർഷ മേഖലകളായ ഗോഗ്ര, ഹോട്ട് സ്പ്രിങ്, ഡെപ്സാങ് എന്നിവിടങ്ങളിൽ നിന്നുളള സൈനിക പിന്മാറ്റത്തിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സൈന്യവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

ചുഷുലിൻ എതിർവശത്തുളള മോൾഡോയിൽ രാവിലെ പത്തോടെയായിരിക്കും ചർച്ചകൾ ആരംഭിക്കുന്നത്. പാംഗോങ്ങിൽ സൈനിക പിൻമാറ്റം പൂർത്തിയായാൽ 48 മണിക്കൂറിനുളളിൽ കമാൻഡർ തല ചർച്ചകൾ നടക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ അറിയിച്ചിരുന്നു.

പാംഗോങ്ങിൽ നിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിനൊപ്പം ആയുധങ്ങൾ, മറ്റ് മിലിട്ടറി ഹാർഡ് വെയറുകൾ, ബങ്കറുകൾ എന്നിവയും പിൻവലിച്ചിട്ടുണ്ട്. ടെന്റുകൾ, മറ്റുതാല്കാലിക നിർമിതികൾ എന്നിവ പൊളിച്ചുമാറ്റി. ഇക്കാര്യങ്ങൾ ഇരുവിഭാഗവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതേകുറിച്ച് നാളെ നടക്കുന്ന ചർച്ചയിൽ വിശദമായ അവലോകനം നടത്തും. ഒപ്പം ഇന്ത്യ-ചൈന ബന്ധത്തിൽ സ്വാഭാവികത പുനഃസ്ഥാപിക്കുന്നതിനായി മറ്റുസംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് വളരെ വേഗത്തിലുളള സൈനിക പിൻമാറ്റം വേണമെന്ന കാര്യത്തിൽ ഇന്ത്യ നിർബന്ധംപിടിക്കുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.