ബെംഗളൂരു:  ഡെങ്കിപ്പനിക്കെതിരെ ആയുര്‍വേദ മരുന്ന് വികസിപ്പിച്ചുവെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കേന്ദ്ര ആയുഷ് വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആയുര്‍വേദിക് സയന്‍സ് ( സി.സി.ആര്‍.എ.എസ്) ഗവേഷകരാണ് മരുന്ന് വികസിപ്പിച്ചത്. മരുന്നിന്റെ കാര്യക്ഷമതയും സുരക്ഷിതത്വവും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) പരീക്ഷിച്ചറിയാനുള്ള നടപടി തുടങ്ങി. കര്‍ണാടകയിലെ ബെല്‍ഗാമിലും കൊലാറിലുമുള്ള  മെഡിക്കല്‍ കോളജുകളിലാണ് മരുന്നിന്റെ പരീക്ഷണം നടക്കുന്നത്. 

നൂറ്റാണ്ടുകളായി ആയുര്‍വേദത്തില്‍ മരുന്നുകളായി ഉപയോഗിക്കുന്ന ഏഴ് മൂലികകള്‍ ഉപയോഗിച്ചാണ് മരുന്ന് തയ്യാറാക്കിയതെന്നാണ് സി.സി.ആര്‍.എ.എസ് ഡയറക്ടര്‍ ജനറല്‍ വൈദ്യ കെ.എസ് ധിമാന്‍ പറയുന്നു. ഡെങ്കിപ്പനിയെക്കുറച്ചും അതിന്റെ ചികിത്സയെക്കുറിച്ചും ആയുര്‍വേദ, സിദ്ധ ഗ്രന്ഥങ്ങളിലെങ്ങും കൃത്യമായി പ്രതിപാദിച്ചിട്ടില്ല. 2015 മുതലാണ് തങ്ങള്‍ മരുന്നിനായുള്ള ഗവേഷണം തുടങ്ങിയതെന്നും കഴിഞ്ഞ ജനുവരിയിലാണ് മരുന്ന് തയ്യാറാക്കിയതെന്നും കെ.എസ് ധിമാന്‍ പറയുന്നു. 

90 പേരിലാണ് മരുന്നിന്റെ പരീക്ഷണം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ ദ്രവരുപത്തിലും പിന്നീട് ഗുളിക രൂപത്തിലും മരുന്ന് നല്‍കും. പരീക്ഷണം വിജയകരമായാല്‍ അടുത്തവര്‍ഷം മരുന്ന് വിപണിയിലെത്തും. മാത്രമല്ല മരുന്ന് ചരിത്രമാകുകയും ചെയ്യും. ലോകത്തിലിന്നേവരെ ഡെങ്കിക്കെതിരെ മരുന്ന് വികസിപ്പിക്കാനായിട്ടില്ല. ഡെങ്കി ബാധിച്ചതിന്റെ ഭാഗമായുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാനുള്ള മരുന്നുകളും വിശ്രമവുമാണ് ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നത്.

Content Highlights: Dengue Fever, Ayurvedic drug, CCRAS,ICMR