ന്യൂഡല്‍ഹി: കോവിഡ് സാഹചര്യങ്ങള്‍മൂലം മാസങ്ങളായി ചൈനാ കടലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ നാവികര്‍ ഒടുവില്‍ സ്വന്തംരാജ്യത്തേക്ക്. 39 നാവികരാണ് മാസങ്ങളായി ചൈനാ കടലിൽ രണ്ട് കപ്പലുകളിലായി കുടുങ്ങിക്കിടക്കുന്നത്.

ഈ നാവികര്‍ അടുത്തയാഴ്ച ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. നാവികര്‍ക്ക് അടിയന്തരമായി സഹായം നല്‍കണമെന്ന് കഴിഞ്ഞ കുറേ ആഴ്ചകളായി ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു.

എം.വി. ജഗ് ആനന്ദ്, എം.വി. അനസ്താസിയ എന്നീ കപ്പലുകളിലെ 39 നാവികരാണ് കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് ചൈനീസ് തീരത്ത് കുടുങ്ങിയത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തുറമുഖത്തേക്ക് പ്രവേശിക്കാനോ ക്രൂ ചേഞ്ചിനോ ചൈനീസ് അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ലെന്നാണ് സൂചന.

23 ഇന്ത്യന്‍ നാവികരുള്ള എം.വി. ജഗ് ആനന്ദ് എന്ന ചരക്കുകപ്പല്‍ ജപ്പാനിലേക്ക് ക്രൂ ചേഞ്ചിനായി പുറപ്പെടാന്‍ തയ്യാറായിക്കഴിഞ്ഞെന്നും ഇത് ജനുവരി 14ന് ഇന്ത്യയിലെത്തുമെന്നും മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

ജൂണ്‍ 13 മുതല്‍ ഹെബേയി പ്രവിശ്യയിലെ ജിങ്ടാങ് തുറമുഖത്തിനു സമീപമാണ് എം.വി. ജഗ് ആനന്ദ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. അതേസമയം എം.വി. അനസ്താസിയയില്‍ 16 ഇന്ത്യക്കാരാണുള്ളത്. സെപ്റ്റംബര്‍ 20 മുതലാണ് ഈ കപ്പല്‍ ചൈനീസ് തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്.

content highlights: Indian sailors stuck in chinese waters to return next week