ന്യൂഡല്‍ഹി: തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്ന് റെയില്‍വെ. ഇതനുസരിച്ച് മണിക്കൂറില്‍ 130 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന തീവണ്ടികളില്‍ എ.സി കോച്ചുകള്‍ മാത്രമാവും ഉണ്ടാവുകയെന്ന് റെയില്‍വെ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരം ട്രെയിനുകളിലെ സ്ലീപ്പര്‍, നോണ്‍ എ.സി കോച്ചുകള്‍ ഉണ്ടാവില്ല. എന്നാല്‍ 110 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കുന്ന നിലവിലെ മെയില്‍ - എക്സ്പ്രസ് തീവണ്ടികളില്‍ സ്ലീപ്പര്‍ കോച്ചുകള്‍ അടക്കമുള്ളവ തുടരുമെന്നും അധികൃതര്‍ പറയുന്നു.
മണിക്കൂറില്‍ 130 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകളില്‍ എ.സി കോച്ചുകള്‍ സാങ്കേതികമായി അത്യാവശ്യമാണ്. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയെ അതിവേഗ റെയില്‍ ശൃംഖലയായി ഉയര്‍ത്തുവാനുള്ള വിപുലമായ പദ്ധതികളാണ് പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിനുകള്‍ സഞ്ചരിക്കാന്‍ പാകത്തില്‍ പാതകളടക്കം നവീകരിക്കും.
പുതിയ തീരുമാനം അതിവേഗ ട്രെയിനുകള്‍ക്ക് മാത്രമേ ബാധിക്കൂവെന്നും മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ നിലവിലത്തെ സ്ഥിതി തുടരുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നു. ഹംസഫര്‍ ട്രെയിനുകളിലെ എ.സി - 3 ചെയര്‍ കാറുകള്‍ക്ക് തുല്യമായിരിക്കും പുതിയ എ സി കോച്ചുകള്‍. അതേസമയം ട്രെയിന്‍ ടിക്കറ്റ് നിരക്ക് യാത്രക്കാര്‍ക്ക് താങ്ങാനാകുന്ന നിലയിലാവും. പുതിയ മാറ്റത്തോടെ യാത്രാസൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുകയും അതോടൊപ്പം യാത്രക്ക് വേണ്ടിവരുന്ന സമയം കുറയുമെന്നും മന്ത്രാലയം അവകാശപ്പെടുന്നു.
കടപ്പാട് - Hindustan Times
Content Highlights: indian railways to upgrade high speed trains into AC coaches
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..