ന്യൂഡൽഹി-ദെഹ്റാദൂൺ ശതാബ്ദി എക്സ്പ്രസിലുണ്ടായ തീപ്പിടിത്തം | Photo : Twitter | ANI
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ പുകവലിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. പൊതുമുതല്‍ നശിപ്പിക്കുന്ന കുറ്റകൃത്യത്തിന് കനത്ത പിഴയോ ജയില്‍ ശിക്ഷയോ നല്‍കാനാണ് റെയില്‍വേയുടെ നീക്കം. മാര്‍ച്ച് 13 ന് ന്യൂഡല്‍ഹി-ദെഹ്റാദൂണ്‍ ശതാബ്ദി എക്സ്പ്രസിലുണ്ടായ തീപ്പിടിത്തത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് തീരുമാനം.
ഉത്തരാഖണ്ഡിലെ റായ്വാലയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. ടോയ്ലറ്റിലെ ചവറ്റുകുട്ടയില്‍ ഏതോ യാത്രക്കാരന് ഉപേക്ഷിച്ച സിഗററ്റിന്റേയോ ബീഡിയുടേയോ കുറ്റിയില്‍ നിന്ന് ചവറ്റുകുട്ടയില്‍ നിറഞ്ഞിരുന്ന ടിഷ്യുപേപ്പറുകളിലേക്ക് തീ പടര്‍ന്നതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം.
നിലവില്‍ ഏതെങ്കിലും കംപാര്‍ട്ട്മെന്റില്‍ പുകവലിക്കുന്ന വ്യക്തിയെ കുറിച്ച് സഹയാത്രികന് പരാതിപ്പെട്ടാല്‍ അയാള്‍ക്ക് റെയില്‍വേ നിയമത്തിന്റെ 167-ാം വകുപ്പനുസരിച്ച് 100 രൂപ വരെയാണ് പിഴയീടാക്കുന്നത്. എന്നാല്‍ പിഴത്തുക വര്‍ധിപ്പിക്കാനും ആവശ്യമെങ്കില്‍ ജയിലിലടക്കാനുമാണ് റെയില്‍വേ ഒരുങ്ങുന്നത്.
കേന്ദ്ര റെയില്‍മന്ത്രി പീയുഷ് ഗോയല്‍ റെയില്‍വേ ബോര്‍ഡംഗങ്ങളും സോണല്‍ ജനറല്‍ മാനേജര്‍മാരുമായി നടത്തിയ കുടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രെയിനിലെ പുകവലിക്കാര്‍ക്കെതിരെ ശിക്ഷാ നടപടി കടുപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്. ട്രെയിനിലെ പുകവലി നിരുത്സാഹപ്പെടുത്താനും ട്രെയിനില്‍ പുകവലിക്കാരെ നിരോധിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ പീയുഷ് ഗോയല്‍ നിര്‍ദേശിച്ചു.
Content Highlights: Indian Railways Plans Severe Penalty For Smoking In Trains
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..