ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അകപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ക്കായി മെയ് 1 മുതല്‍ 13 വരെ ഇന്ത്യന്‍ റെയില്‍വേ ഓടിച്ചത് 642 ശ്രാമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍. ഏകദേശം 7.9 ലക്ഷം കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ സാധിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 

ഉത്തര്‍പ്രദേശിലേക്കാണ് ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തിയത്. മെയ് 13 വരെ 301 സര്‍വീസ് യുപിയിലേക്ക് മാത്രം നടന്നു. ബിഹാര്‍ ആണ് രണ്ടാം സ്ഥാനത്ത്, 169 സര്‍വീസുകള്‍. 

മധ്യപ്രദേശ് 53, ജാര്‍ഖണ്ഡ് 40, ഒഡിഷ 38, രാജസ്ഥാന്‍ 8, ബംഗാള്‍ 7, ഛത്തീസ്ഗഢ് 6, ഉത്തരാഖണ്ഡ് 4, ആന്ധ്രപ്രദേശ്, ജമ്മു, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്ക് മൂന്ന് സര്‍വീസുകള്‍ വീതവും നടന്നു. 

ഗുജറാത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ തിരിച്ചുപോയത്. കേരളമാണ് രണ്ടാം സ്ഥാനത്ത്. 

നേരത്തെ ട്രെയിനുകളില്‍ 1200 യാത്രക്കാരെയായിരുന്നു യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നത്. തിങ്കളാഴ്ച മുതല്‍ 1700 പേര്‍ക്ക് വീതം അനുമതി നല്‍കിയിട്ടുണ്ട്. സുരക്ഷാമുന്‍കരുതലുകളോടെ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് യാത്ര നടത്തുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ ശക്തമായ പരിശോധനയും നിരീക്ഷണവും തുടരുന്നു.

Content Highlights: Indian Railways has operated 642 'Shramik Special' trains till 13th May, across the country.