ന്യൂഡൽഹി: ചരക്ക് കടത്തിലൂടെ വരുമാനം വർധിപ്പിക്കുന്നതിന് 'പിസ ഡെലിവറി' മാതൃക സ്വീകരിക്കാനൊരുങ്ങി റെയിൽവേ. ചരക്കുകൾ സമയബന്ധിതമായി എത്തിക്കുന്നത് ഉറപ്പാക്കുകയും അഥവാ താമസം നേരിട്ടാൽ മതിയായ നഷ്ടപരിഹാരം നൽകാനുമാണ് റെയിൽവേയുടെ നീക്കം.

ഇപ്രകാരം ചെയ്യുന്നതിലൂടെ ചരക്കുനീക്കത്തിലൂടെ വരുമാനം വർധിപ്പിക്കാനാകുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. നഷ്ടപരിഹാരം നൽകുന്നത് മണിക്കൂർ അടിസ്ഥാനത്തിലായിരിക്കും. അതായത് ഉല്പന്നം വിതരണം ചെയ്യുന്നതിനുളള സമയപരിധി കഴിഞ്ഞാൽ വൈകുന്ന ഓരോ മണിക്കൂറിനും നിശ്ചിത അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകാനാണ് റെയിൽവേയുടെ തീരുമാനം.

ഉദാഹരണത്തിന് മുംബൈയിൽനിന്ന് ഡൽഹിയിൽ മൂന്നു ദിവസത്തിനകമാണ് (അതായത് 72 മണിക്കൂറിനുളളിൽ)ചരക്ക് എത്തിക്കേണ്ടതെങ്കിൽ, നിശ്ചിതസമയത്തിനുളളിൽ ചരക്ക് എത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ വൈകുന്ന ഓരോ മണിക്കൂറിനും റെയിൽവേ നഷ്ടപരിഹാരം നൽകും.

പരിമിതമായ ഒരു മേഖലയിൽ പദ്ധതി നടപ്പാക്കാനാണ് റെയിൽവേയുടെ തീരുമാനം. 2021 ആകുന്നതോടെ ഇത് വിപുലീകരിക്കാമെന്നും റെയിൽവേ കരുതുന്നു. ആശയവുമായി മുന്നോട്ടുപോകാൻ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പച്ചക്കൊടി കാട്ടിയതായാണ് വിവരം.

സ്റ്റീൽ, കൽക്കരി, ഇരുമ്പയിര്, സിമന്റ് കമ്പനികളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് റെയിൽവേയുടെ പുതിയ നീക്കമെന്ന് അറിയുന്നു. ഇ കൊമേഴ്സ് കമ്പനികളേയും ഓട്ടോ മേഖലയെയും ഫാർമ മേഖലയെയും റെയിൽവേ ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ചരക്കുനീക്കത്തിൽ കമ്പനികൾ റെയിൽവേയെ ആശ്രയിക്കുന്നതിനായി കുറഞ്ഞ നിരക്ക് മുതൽ സമയബന്ധിത ചരക്കെത്തിക്കൽ ഉൾപ്പടെ ആനുകൂല്യങ്ങളുടെ ഒരു നിര തന്നെയാണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുളളത്.

കടപ്പാട്: https://zeenews.india.com/

Content Highlights:Indian Railway to adopt pizza delivery model to boost freight revenue