-
ന്യൂഡല്‍ഹി: 44 സെമി ഹൈസ്പീഡ് 'വന്ദേ ഭാരത്' ട്രെയിനുകള്‍ നിര്‍മിക്കാനുളള ടെന്‍ഡര്‍ നടപടികള്‍ റെയില്‍വെ റദ്ദാക്കി. ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള ഒരു ടെന്‍ഡര്‍ കൂടി ഉള്‍പ്പെട്ട പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച രാത്രി തിടുക്കത്തില്‍ ടെന്‍ഡര്‍ റദ്ദാക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ടെന്‍ഡര്‍ വിളിക്കും. കേന്ദ്രത്തിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ'ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുളളതായിരിക്കും അത്.
ടെണ്ടര്‍ റദ്ദാക്കാനുളള നീക്കം ചൈനയക്ക് വന്‍ തിരിച്ചടിയാണ്. 44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് ആറ് കമ്പനികളാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. ഇതില്‍ ഒരെണ്ണം ഒന്ന് ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലക്ട്രിക് പ്രൈവററ് ലിമിറ്റഡിന്റേതായിരുന്നു. ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍ആര്‍സി യോങ്ജി ഇലക്ട്രിക് കമ്പനി ലിമിറ്റഡും ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫില്‍-മെഡ് പ്രൈവറ്റ് ലിമിറ്റഡും തമ്മില്‍ 2015-ലാണ് സംയുക്ത സംരംഭം രൂപീകരിക്കുന്നത്.
ആഭ്യന്തര കമ്പനികളാണ് ടെണ്ടര്‍ എടുത്തിരിക്കുന്നതെന്ന് ഉറപ്പാക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്ന റെയില്‍വേ പദ്ധതിക്കായി ചൈനീസ് സംയുക്ത സംരംഭവും ഉണ്ടെന്ന് ബോധ്യപ്പെട്ടതോടെ ടെണ്ടര്‍ റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഭാരത് ഇന്‍ഡസ്ട്രീസ്, സന്‍ഗ്രുര്‍, ഇലക്ട്രോവേവ്സ് ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിററഡ്, പവര്‍ണെറ്റിക്സ് എക്യുപ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിററഡ് എന്നിവയാണ് മറ്റുളള അഞ്ചുകമ്പനികള്‍.
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ചൈനയ്ക്കെതിരെ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നു. സോളാര്‍ ഉപകരണങ്ങള്‍ പോലുളള ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു. ചൈനീസ് ആപ്പുകളും നിരോധിച്ചു. കോവിഡ് 19 നിരീക്ഷണത്തിന് വേണ്ടിയുളള തെര്‍മല്‍ ക്യാമറകളുടെ ടെണ്ടറും ഇതിനകം റെയില്‍വേ റദ്ദാക്കിയിരുന്നു.
Content Highlights:Indian Railway cancelled Tender for manufacturing of 44 nos of semi high speed train sets
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..