ന്യൂഡൽഹി: വർഷംതോറും 200 കോടി ഡോസ് കോവിഡ് വാക്സിൻ നിർമിക്കാൻ സാധിക്കുമെന്ന് വാഗ്ദാനം ചെയ്ത് മരുന്ന് നിർമാണ കമ്പനിയായ വൊക്കാഡ്. പ്രാരംഭഘട്ടമായി 2022 ഫെബ്രുവരിയോടെ 50 കോടി ഡോസ് വാക്സിൻ നിർമിക്കാനാകുമെന്നും വൊക്കാഡ് കേന്ദ്രസർക്കാരിനെ അറിയിച്ചു. രാജ്യത്ത് വാക്സിൻ ക്ഷാമം രൂക്ഷമായതിനിടെയാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൊക്കാഡ് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ സാധിക്കുമെന്ന് കേന്ദ്രത്തെ അറിയിച്ചത്.

നേരത്തെ വാക്സിൻ നിർമാണത്തിന് ഉതകുന്ന പങ്കാളികളെ കണ്ടെത്താൻ വൊക്കാഡ് കേന്ദ്രത്തിന്റെ സഹായം തേടിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വാക്സിൻ നിർമിക്കുന്നതിനുള്ള ചില സാങ്കേതിക വിദ്യകൾ കണ്ടെത്താനും വൊക്കാഡ് ശ്രമിക്കുന്നുണ്ട്. എംആർഎൻഎ, പ്രോട്ടീൻ, വൈറൽ വെക്ടർ അടിസ്ഥാനത്തിലുള്ള വാക്സിനുകൾ ഉത്‌പാദിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള നിർമാണ-ഗവേഷണ കേന്ദ്രങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും വൊക്കാഡ് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്.

വാക്സിൻ ക്ഷാമം രൂക്ഷമായതിനാൽ കൂടുതൽ വാക്സിൻ നിർമിക്കാമെന്ന വൊക്കാഡിന്റെ വാഗ്ദാനം കേന്ദ്രം പരിശോധിച്ചു വരുകയാണ്. ഏതെങ്കിലും മരുന്ന് നിർമാണ കമ്പനിയുടെ പങ്കാളിത്തത്തോടെ വാക്സിൻ നിർമിക്കാമെന്ന് വൊക്കാഡ് അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും നേരത്തെ കേന്ദ്രമന്ത്രി മൻസുഖ് മണ്ഡവ്യ വ്യക്തമാക്കിയിരുന്നു.

വാക്സിൻ നിർമാണത്തിന് നിലവിൽ യുകെ സർക്കാരുമായി വൊക്കാഡ് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ആസ്ട്രാസെനക്ക-ഓക്സ്‌ഫഡ് യൂണിവേഴ്സിറ്റിയുടെ വാക്സിൻ നോർത്ത് വെയിൽസിലെ നിർമാണ കേന്ദ്രത്തിൽ നിന്നാണ് കമ്പനി ഉത്‌പാദിപ്പിക്കുന്നത്. യുകെ സർക്കാർ ആവശ്യപ്പെടുന്നതിന് അനുസരിച്ച് മറ്റുവാക്സിനുകളും ഇവിടെനിന്നും നിർമിക്കാം. സമാനമായ രീതിയിൽ ഇന്ത്യയിലും വാക്സിൻ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

content highlights:Indian Pharma Company Wockhardt Proposes to Make 2 Billion COVID-19 Vaccine Doses a Year