അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?


രാജേഷ് കോയിക്കല്‍, മാതൃഭൂമി ന്യൂസ്

2014-ല്‍ അധികാരത്തില്‍ എത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശമാണ് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സ്വാഗതം ചെയ്‌തെങ്കിലും പ്രതിപക്ഷം എതിര്‍ത്തു. ഒറ്റ രാജ്യം ഒറ്റ പാര്‍ട്ടി എന്ന അജണ്ടയാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

ളര്‍ച്ചയിലായ സമ്പദ് വ്യവസ്ഥ, പെരുകുന്ന തൊഴിലില്ലായ്മ, കാര്‍ഷിക പ്രശ്‌നങ്ങള്‍, ശക്തിപ്രാപിക്കുന്ന പ്രതിപക്ഷം. കേന്ദ്ര സര്‍ക്കാരും ബിജെപിയും വലിയ ആലോചനയിലാണ്. കേന്ദ്രത്തില്‍ മൂന്നാമൂഴമെന്ന ബിജെപിയുടെ സ്വപ്നത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് ഈ ഘടകങ്ങള്‍. അവസ്ഥ തുടര്‍ന്നാല്‍ 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് പോരാട്ടം കടുത്തതാകും. പ്രതിസന്ധികള്‍ തരണം ചെയ്യാനുളള ബിജെപിയുടെ മാന്ത്രികവടി മോദി തന്നെയാണ്. പറഞ്ഞ് പഴകിയ ഹിന്ദുത്വ അജണ്ടയും അതി ദേശീയവാദവും ഇനി ഏശുമെന്ന് ബിജെപി കരുതുന്നില്ല. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം അവസാനം നടത്താനുളള ആലോചന സജീവമായത്. തിരഞ്ഞെടുപ്പ് നേരത്തേ നടത്തുന്നതില്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമായിരിക്കും നിര്‍ണായകമാകുക. ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ പൊതുതിരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ തീരുമാനിച്ചേക്കും.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്2014-ല്‍ അധികാരത്തില്‍ എത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മുന്നോട്ടുവെച്ച പ്രധാന നിര്‍ദേശമാണ് ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സ്വാഗതം ചെയ്‌തെങ്കിലും പ്രതിപക്ഷം എതിര്‍ത്തു. ഒറ്റ രാജ്യം ഒറ്റ പാര്‍ട്ടി എന്ന അജണ്ടയാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. ഗുജറാത്തിലെ കൊവാഡിയയില്‍ ഈയടുത്ത് നടന്ന നിയമനിര്‍മാണ സഭകളുടെ അധ്യക്ഷന്മാരുടെ യോഗത്തില്‍ വെര്‍ച്വലായി പങ്കെടുത്ത മോദി നിര്‍ദേശം സജീവമായി പരിഗണിക്കുന്നതായി സൂചന നല്‍കി. സാമ്പത്തിക ചെലവ് കുറയ്ക്കുന്നതിനൊപ്പം സംസ്ഥാനങ്ങളില്‍ വിവിധ സമയങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നതിലൂടെ ഉണ്ടാകുന്ന സമയ നഷ്ടം ഒഴിവാക്കാന്‍ കഴിയുമെന്ന കാഴ്ചപ്പാടും പുതിയ നിര്‍ദേശത്തിന് പിന്നിലുണ്ട്. തിരഞ്ഞെടുപ്പ് പല സമയങ്ങളിലായി നടത്തുന്നത് വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെ ബാധിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടിയിരുന്നു. ഒറ്റ വോട്ടര്‍പട്ടിക എന്ന നിര്‍ദേശവും മോദി മുന്നോട്ടുവെച്ചു.

മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, കര്‍ണാടക, ഛത്തീസ്ഗഡ്, മിസോറാം, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങില്‍ അടുത്ത വര്‍ഷമാണ് നിയമസഭ തിരഞ്ഞെടുപ്പ്. ഒമ്പത് സംസ്ഥാനങ്ങളില്‍ അഞ്ചിടത്തും ബിജെപി ഭരണമാണ്. തെലങ്കാനയില്‍ ഏത് വിധേനയും അട്ടിമറിയാണ് ബിജെപി ലക്ഷ്യം. ഏക്കാലത്തും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന തിരഞ്ഞെടുപ്പാണ് ഹിന്ദി ഹൃദയഭൂമിയിലേത്. മധ്യപ്രദേശില്‍ പൊതുവില്‍ ദുര്‍ബലമായ പ്രതിപക്ഷത്തെയാണ് ബിജെപിയുടെ ശിവ്‌രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ നേരിടുന്നത്. നാലാംവട്ടവും ഭരണത്തുടര്‍ച്ച 'മാമാച്ചി' കൊണ്ടുവരുമെന്നാണ് സംഘപരിവാര്‍ കണക്കുകൂട്ടല്‍. രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇതിനൊപ്പം ഭരണകക്ഷിയായ കോണ്‍ഗ്രസിനകത്തെ തമ്മിലടിയിലും ബിജെപി പ്രതീക്ഷ വെയ്ക്കുന്നു. അശോക് ഗെലോട്ട്- സച്ചിന്‍ പൈലറ്റ് പോരും ഭൂപേഷ് ബഘേല്‍- ടി. എസ് സിങ് ദിയോ തര്‍ക്കവും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. ഒമ്പത് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പൊതു തിരഞ്ഞെടുപ്പും 2023 അവസാനം ഒപ്പം നടത്തുന്നതാണ് ആലോചനയില്‍. ഇതിനായി മേഘാലയ, നാഗലാന്‍ഡ്, ത്രിപുര, കര്‍ണാടക എന്നിവിടങ്ങളിലെ നിയമസഭയുടെ കാലാവധി ഏതാണ്ട് ആറുമാസത്തിലധികം നീട്ടേണ്ടി വരും.

2024-ല്‍ തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങള്‍ ആറാണ്. ആന്ധ്ര, അരുണാചല്‍, ഒഡീഷ, ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ആന്ധ്രയില്‍ വൈഎസ് ആര്‍ കോണ്‍ഗ്രസ് പ്രത്യക്ഷത്തില്‍ അല്ലെങ്കിലും പരോക്ഷമായി ബിജെപി സഖ്യകക്ഷിയാണ്. അരുണാചല്‍, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഭരിക്കുന്നതും ബിജെപി. ഒഡീഷയില്‍ വലിയ വെല്ലുവിളി ഇല്ലാത്തതിനാല്‍ നവീന്‍ പട്‌നായിക്കിനേയും ഒപ്പം നിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞേക്കും. ജെഎംഎം ഭരിക്കുന്ന ജാര്‍ഖണ്ഡ് മാത്രമായിരിക്കും എതിര്‍പ്പുന്നയിക്കുക. പൊതു തിരഞ്ഞെടുപ്പിനൊപ്പം ഈ സംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ നിയമ നിര്‍മാണം അനിവാര്യമാണ്. നിയമസഭയുടെ കാലാവധി ചുരുക്കുക എന്നതാണ് പ്രധാന കടമ്പ. ഇതെല്ലാം സാധ്യമാവുകയാണെങ്കില്‍ ഏതാണ്ട് 15 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പിനൊപ്പം നടക്കും. ബാക്കി 13 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് രണ്ടാംഘട്ടമായി ഒരുമിച്ച് നടത്തുകയാണെങ്കില്‍ ഒരു പരിധിവരെ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തിലേക്ക് പതിയ നടന്നുകയറാന്‍ ബിജെപിക്ക് കഴിയും.

തളരുന്ന സമ്പദ് വ്യവസ്ഥ

കോവിഡും റഷ്യ-യുക്രൈന്‍ യുദ്ധവും ഉണ്ടാക്കിയ ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ് ലോകരാജ്യങ്ങള്‍. സാമ്പത്തിക ശക്തികളായ അമേരിക്കയേയും ബ്രിട്ടനേയും പ്രതിസന്ധി അതി ഭീകരമായി ഉലച്ചു കഴിഞ്ഞു. ഭക്ഷ്യവിലക്കയറ്റവും ഊര്‍ജ്ജ പ്രതിസന്ധിയും പണപ്പെരുപ്പവുമെല്ലാം സാമ്പത്തിക മേഖലയെ കാര്‍ന്നു തിന്നുന്നു. 2008-ലേതിന് സമാനമായ സാഹചര്യത്തിലേക്ക് ലോകം നീങ്ങുന്നുവെന്നാണ് സൂചന. എഷ്യയിലെ ചെറുരാജ്യങ്ങളിലെല്ലാം പ്രതിസന്ധിയുടെ മിന്നലാട്ടം കാണാം. അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്താന്‍ എന്നിവരും തകര്‍ച്ച അഭിമുഖീകരിക്കുന്നു. ഇന്ത്യയിലും ഇതിന്റെ അനുരണനങ്ങള്‍ ഉണ്ടാകും.

നോട്ട് നിരോധനം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്നും ഇപ്പോഴും രാജ്യം കരയേറിയിട്ടില്ല. വിലക്കയറ്റം അതിരൂക്ഷമായി തുടരുന്നു. ഇന്ധനവിലയാകട്ടെ റോക്കറ്റ് പോലെ കുതിക്കുന്നു. രൂപയുടെ മൂല്യത്തിലും ദിനംപ്രതി റെക്കോര്‍ഡുകള്‍ തകരുകയാണ്. അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെങ്കിലും ആഗോളതലത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി ഇന്ത്യയേയും വൈകാതെ രൂക്ഷമായി ബാധിക്കും. അടുത്ത പൊതുബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തി തത്കാലം ജനരോഷം മറികടക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. അങ്ങനെയെങ്കില്‍ ജൂണില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പൊതു തിരഞ്ഞെടുപ്പ് നടത്താനായിരിക്കും.

പെരുകുന്ന തൊഴിലില്ലായ്മ

കോവിഡിന്റെ മൂന്ന് തരംഗങ്ങള്‍ തൊഴില്‍ മേഖലയെ സാരമായി ബാധിച്ചു. 2020നു ശേഷം തൊഴില്‍ രഹിതരുടെ എണ്ണം 20 ശതമാനമായി ഉയര്‍ന്നു. ഏകദേശം 21 കോടി പേര്‍ക്ക് ശമ്പളമുളള ജോലി നഷ്ടമായി. ചെറുകിട വ്യവസായ മേഖലകളില്‍ മാത്രം 25 ശതമാനം പേര്‍ തൊഴില്‍രഹിതരായി. സ്വയം തൊഴില്‍ സംരംഭകരും കടുത്ത പ്രതിസന്ധിയിലാണ്. ഓരോ ദിവസം കഴിയുംതോറും തൊഴില്‍രഹിതര്‍ വര്‍ധിക്കുന്നു. നിര്‍മാണ, സേവന മേഖലകളിലും പഴയ പോലെ അവസരങ്ങളില്ല.

സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ പഠനം അനുസരിച്ച് കഴിഞ്ഞ ഏപ്രിലിലെ തൊഴിലില്ലായ്മ നിരക്ക് 7.83ശതമാനമാണ്. മാര്‍ച്ചില്‍ 7.6 ശതമാനമായിരുന്നു. വിദേശരാജ്യങ്ങളില്‍ കുടിയേറിയവര്‍ തൊഴില്‍ നഷ്ടപ്പെട്ടതോടെ തിരിച്ചെത്തുന്നതും വര്‍ധിച്ചു. ജനസംഖ്യയില്‍ നല്ലൊരു പങ്കും യുവാക്കള്‍ ആണെന്നിരിക്കെ അവര്‍ക്ക് നല്‍കാന്‍ തൊഴിലില്ലാത്ത സാഹചര്യമാണ് നിലവില്‍. വന്‍തോതില്‍ നിയമനം നടന്നിരുന്ന റെയില്‍വേയില്‍ പോലും കരാര്‍ നിയമനമായി. സ്വകാര്യവത്കരണം ഉണ്ടാക്കിയ തൊഴില്‍ അരക്ഷിതാവസ്ഥയില്‍ യുവാക്കള്‍ നിരാശയിലാണ്. വൈകും തോറും യുവരോക്ഷം ആളിപ്പടരുമെന്ന തിരിച്ചറിവും സര്‍ക്കാരിനും ബിജെപിക്കുമുണ്ട്.

കാര്‍ഷിക പ്രശ്‌നങ്ങള്‍

അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച മോദി സര്‍ക്കാരിനേറ്റ കനത്ത പ്രഹരമായിരുന്നു കര്‍ഷക സമരം. ഒരുവര്‍ഷത്തോളം ഡല്‍ഹിയുടെ അതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് നടന്ന സമരത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാരിന് പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നു. അന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ ഇപ്പോഴും നടപ്പാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കര്‍ഷകരിപ്പോഴും രോഷത്തിലാണ്. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച മുമ്പെങ്ങും ഇല്ലാത്തവിധം ഉന്നതിയിലാണ്. കൃഷിക്ക് ചെലവ് വര്‍ധിച്ചതോടെ പലരും കാര്‍ഷിക മേഖല തന്നെ വിട്ടുപോയി.

കിസാന്‍ സമ്മാന്‍ നിധി പോലുളള പദ്ധതികളുമായി കര്‍ഷകരെ ഒപ്പം നിര്‍ത്താന്‍ ബിജെപി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അതൊക്കെ ലക്ഷ്യം കാണുമോയെന്ന് സംശയമുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ പൊതു തിരഞ്ഞെടുപ്പിന് അവലംബിക്കാന്‍ കഴിയില്ല. വേറിട്ട പ്രചാരണവും തന്ത്രങ്ങളും അനിവാര്യവുമാണ്. കര്‍ഷകരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ഉള്‍പ്പെടെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാലിടറിയേക്കും.

പ്രതിപക്ഷം തിരിച്ചുവരുന്നു

കോണ്‍ഗ്രസിലെ നേതൃമാറ്റങ്ങളും നിതീഷ് കുമാര്‍, എം.കെ. സ്റ്റാന്‍ലിന്‍, മമത ബാനര്‍ജി എന്നിവരുടെ നീക്കങ്ങളും ദേശീയ തലത്തില്‍ പ്രതിപക്ഷത്തിന് പുതു ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ മാത്രമല്ല ആവേശം സൃഷ്ടിച്ചത്. കടന്നുപോകുന്ന വഴികളിലെല്ലാം മികച്ച ജനപങ്കാളിത്തം യാത്രയുടെ വിജയത്തെ സൂചിപ്പിക്കുന്നു. പാര്‍ട്ടിയെ നയിക്കാന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖമായി രാഹുല്‍ ഗാന്ധിയും നില്‍ക്കുമ്പോള്‍ പ്രതിപക്ഷത്ത് ആത്മവിശ്വാസത്തിന്റെ തിരയിളക്കം പ്രകടമാണ്. ബിജെപിയെ ഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ ഭിന്നിച്ചു നിന്നാല്‍ കഴിയില്ലെന്ന തിരിച്ചറിവ് പ്രതിപക്ഷത്ത് പ്രകടമാണ്. ബിഹാറില്‍ എന്‍ഡിഎ സഖ്യം വിട്ട് ജെഡിയു, ആര്‍ജെഡിക്കൊപ്പം സര്‍ക്കാര്‍ രൂപീകരിച്ചത് ബിജെപിക്ക് തിരിച്ചടി ആയിരുന്നു.

ഉത്തര്‍പ്രദേശില്‍ ഭരണത്തുടര്‍ച്ച ലഭിച്ചെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ലഭിച്ച സീറ്റ് കിട്ടുമോയെന്ന് ബിജെപിക്ക് ഉറപ്പില്ല. കൂടുതല്‍ മണ്ഡലങ്ങളുളള പത്ത് സംസ്ഥാനങ്ങളാണുളളത്. ഇതില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണ്. ബംഗാള്‍, തമിഴ്‌നാട്, രാജസ്ഥാന്‍, ബിഹാര്‍, ആന്ധ്ര എന്നിവിടങ്ങളിലും 25-ല്‍ അധികം ലോക്‌സഭാ സീറ്റാണ് ഓരോ സംസ്ഥാനത്തും ഉളളത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആയതിനാല്‍ പോരാട്ടം കടുത്തതാകും.

മാറുന്ന ഇന്ത്യ

ഇന്ത്യയുടെ പ്രതിച്ഛായ മാറ്റുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി അടുത്ത വര്‍ഷം ഓഗസ്റ്റില്‍ പൂര്‍ത്തിയാകും. 20,000 കോടിയുടെ വലിയ പദ്ധതി. ഇതോടെ ബ്രിട്ടീഷുകാര്‍ പണി കഴിപ്പിച്ച തലസ്ഥാനത്തെ പ്രധാന നിര്‍മിതികളെല്ലാം ചരിത്ര ശേഷിപ്പാകും. മോദി സര്‍ക്കാരിന്റെ അഭിമാന സ്തംഭമായി പുതിയ പാര്‍ലമെന്റ് മന്ദിരവും അനുബന്ധ നിര്‍മിതികളും മാറുകയും ചെയ്യും. 'ആദ്യം അയോധ്യ പിന്നെ കാശി ബാക്കിയുണ്ട് മഥുര' എന്നതായിരുന്നു സംഘപരിവാറിന്റെ ഏക്കാലത്തേയും ആപ്തവാക്യം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം ദ്രുതഗതിയിലാണ്. ഒക്ടോബര്‍ ആകുമ്പോഴേക്കും നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് ബിജെപി പ്രതീക്ഷ. പക്ഷെ അയോധ്യ പോലെ കത്തിക്കാവുന്ന വിഷയങ്ങളല്ലാ കാശിയും മഥുരയും. അതുകൊണ്ട് തന്നെ ആഘോഷങ്ങളുടെ തേരേറി ഭരണത്തുടര്‍ച്ചയിലേക്ക് പോകാനാണ് ബിജെപിയുടെ നീക്കം. ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കാതിരുന്നാല്‍ 2023 അവസാനം രാജ്യം പൊതുതിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കും.

ചരിത്രം

1998-ല്‍ കേന്ദ്രത്തില്‍ മൂന്നാംതവണ അധികാരത്തിലെത്തിയ എ.ബി വാജ്‌പേയി കാലാവധി തീരാന്‍ ആറുമാസം ശേഷിക്കെ പാര്‍ലമെന്റ് പിരിച്ചു വിട്ട് പൊതുതിരഞ്ഞെടുപ്പിനിറങ്ങി. സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ വന്‍കുതിപ്പും റോഡ് ഉള്‍പ്പെടെയുളള വികസന പദ്ധതികളുടെ നേട്ടവും അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് വാജ് പേയി ഇത്തരം സാഹസത്തിന് മുതിര്‍ന്നത്. എന്നാല്‍ 2004-ല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ അധികാരത്തിലെത്തി.

Content Highlights: parliament election 2024 , india news, next election, narendra modi, one country one election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented