ന്യൂഡല്‍ഹി: നാവികസേനയുടെ പ്രഹര ശക്തി വര്‍ധിപ്പിക്കാന്‍ തദ്ദേശീയമായി നിര്‍മിച്ച ടോര്‍പീഡോ സേനയുടെ ഭാഗമാകാന്‍ പോകുന്നു. വരുണാസ്ത്ര എന്ന് നാമകരണം ചെയ്തിരിക്കുന്ന ഹെവി വെയ്റ്റ് ടോര്‍പീഡോ ആണ് നാവികസേനയുടെ ഭാഗമാകാന്‍ പോകുന്നത്. അന്തര്‍വാഹിനികളെയും യുദ്ധക്കപ്പലുകളെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആയുധമാണ് വരുണാസ്ത്ര. ഇവയുടെ ആദ്യബാച്ച് ഉടന്‍ സേനയുടെ ഭാഗമാകും. 

സേനയുടെ ഭാഗമായ സിന്ധു ക്ലാസ് അന്തര്‍വാഹിനികളിലാകും വരുണാസ്ത്ര ആദ്യം ഘടിപ്പിക്കുക. കൂടാതെ ചില യുദ്ധക്കപ്പലുകളിലും വരുണാസ്ത്രയെ ഘടിപ്പിക്കും. ഇതോടെ സ്വന്തമായി ടോര്‍പിഡോ നിര്‍മിക്കുന്ന എട്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. 

കടലില്‍ 40 കിലോമീറ്റര്‍ പരിധിയിലുള്ള അന്തര്‍വാഹിനികള്‍, കപ്പലുകള്‍ എന്നിവയെ തകര്‍ക്കാന്‍ ശേഷിയുള്ളതാണ് വരുണാസ്ത്ര. 2018 ജൂലൈയിലാണ് വരുണാസ്ത്ര ഔദ്യോഗികമായി നാവികസേനയുടെ ഭാഗമായത്. തുടര്‍ന്ന് വരുണാസ്ത്രയുടെ 63 എണ്ണത്തിന് സേന ഓര്‍ഡര്‍ നല്‍കി. 1187 കോടിയുടേതാണ് ഇടപാട്.

1.5 ടണ്‍ ഭാരമുള്ള വരുണാസ്ത്രയ്ക്ക് 250 കിലോയോളം സ്‌ഫോടകവസ്തുക്കള്‍ വഹിക്കാനാകും. മണിക്കൂറില്‍ 40 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ (മണിക്കൂറില്‍ 74 കിലോമീറ്റര്‍) കടലിലൂടെ സഞ്ചരിച്ച് ശത്രുവിന് മേല്‍ പ്രഹരം നടത്തും. ഡിആര്‍ഡിഒയുടെ ഭാഗമായ നേവല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കല്‍ ലബോറട്ടറി( എന്‍.എസ്.ടി.എല്‍)യാണ് ആയുധം വികസിപ്പിച്ചത്. 

വരുണാസ്ത്ര സുഹൃദ് രാജ്യങ്ങള്‍ക്ക് വില്‍ക്കാനും പദ്ധതിയുണ്ട്. ഇതുകൂടി ഉദ്ദേശിച്ചാണ് നിര്‍മാണം. കടല്‍ യുദ്ധത്തില്‍ ശത്രുവിനെതിരായ ഏറ്റവും ഫലപ്രദമായ ആയുധമാണ് ടോര്‍പീഡോകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ജലോപരിതലത്തില്‍ കൂടെയും കടലിന്നടിയില്‍ കൂടെയും സഞ്ചരിക്കുന്ന ശത്രുയാനങ്ങളെ തകര്‍ക്കാന്‍ വരുണാസ്ത്രയ്ക്ക് സാധിക്കും.

കൊല്‍ക്കത്ത ക്ലാസ്, രജപുത് ക്ലാസ്, ഡെല്‍ഹി ക്ലാസ് തുടങ്ങിയ നശീകരണ യുദ്ധക്കപ്പലുകളിലും കാമോര്‍ത്ത ക്ലാസ്, തല്‍വാര്‍ ക്ലാസ് എന്നീ യുദ്ധക്കപ്പലുകളിലും വരുണാസ്ത്ര ഉടന്‍ ഇടം പിടിക്കും. 

കൂടാതെ സേനയുടെ പതിനാറോളം വരുന്ന അന്തര്‍ വാഹിനികളിലും വരുണാസ്ത്ര പ്രധാന ആയുധങ്ങളിലൊന്നാകും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും നിരന്തര സാന്നിധ്യമാകുന്ന സാഹചര്യത്തില്‍ സേനയുടെ പ്രഹര ശക്തി വര്‍ധിപ്പിക്കാന്‍ വരുണാസ്ത്ര സഹായിക്കും. 

Content Highlights: Indian Navy to soon get first batch of indigenously-built torpedo Varunastra