ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനയുടെ നാവികസാന്നിധ്യം വര്‍ധിച്ചു വരുന്നത് ശ്രദ്ധയില്‍ പെട്ടതായും രാജ്യത്തിന് നേര്‍ക്കുള്ള ഏതു ഭീഷണിയേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നും നാവികസേനാമേധാവി അഡ്മിറല്‍ കരംബീര്‍ സിങ്. നാവികസേനാദിനാഘോഷങ്ങള്ക്ക് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. (ഡിസംബര്‍ നാലിനാണ് നാവികസേനാദിനം)
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ഏഴോ എട്ടോ പര്യവേക്ഷണകപ്പലുകള് സ്ഥിരമായി കാണപ്പെടാറുണ്ട്. സുരക്ഷാഭീഷണി സൃഷ്ടിക്കുന്ന തരത്തിലുള്ള നീക്കം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അതിനെ ശക്തമായി നേരിടുമെന്ന് അഡ്മിറല്‍ കരംബീര്സിങ് പറഞ്ഞു. സമുദ്രാതിര്‍ത്തിയില്‍ അനുമതിയില്ലാതെ നങ്കൂരമിട്ടിരുന്ന ചൈനയുടെ ഷി യാന്‍ 1 എന്ന കപ്പലിനെ തുരത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദ്രമാര്‍ഗത്തിലൂടെ രാജ്യത്ത് നുഴഞ്ഞുകയറ്റത്തിനായി ഭീകരസംഘടനകള്‍ തയ്യാറെടുപ്പ് നടത്തുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചതായും ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള പാക് നുഴഞ്ഞു കയറ്റത്തിനെതിരെ സുരക്ഷ കര്‍ശനമാക്കിയതായും നാവികസേനാമേധാവി വ്യക്തമാക്കി.
അത്യാധുനിക പ്രതിരോധ സജ്ജീകരണങ്ങളുള്ള മൂന്ന് വിമാനവാഹിനികള്‍ നാവികസേനയുടെ ഭാഗമാകും. ഇന്ത്യയുടെ ആദ്യത്തെ സ്വയംനിര്‍മിത വിമാനവാഹിനി മിഗ്-29 കെ എയര്ക്രാഫ്റ്റോടു കൂടി 2022 ല്‍ പ്രവര്‍ത്തനസജ്ജമാകും. അഞ്ച് വര്‍ഷത്തിനിടെ നാവികസേനയ്ക്ക് അനുവദിച്ചിരുന്ന ബജറ്റ് തുക 18 ല്‍ നിന്ന് 12 ശതമാനമായി കുറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Indian Navy Drives Away Suspicious Chinese Vessel From Indian Waters