ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്‌പോര്‍ട്ടും ഇമിഗ്രേഷന്‍ ക്ലിയറന്‍സുമായി എത്തുന്നവര്‍ക്ക് വിമാനമാര്‍ഗ്ഗം നേപ്പാള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ ഇനി എന്‍.ഒ.സി ആവശ്യമില്ല. നേപ്പാള്‍ വഴി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകാന്‍  നിര്‍ബന്ധമായിരുന്ന എന്‍.ഒ.സി, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞെത്തുന്ന ഇന്ത്യക്കാര്‍ക്കാണ് ഒഴിവാക്കിയതെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. 2021 ഏപ്രില്‍ 22 മുതല്‍ ജൂണ്‍ 19 വരെയാണ് എന്‍.ഒ.സി  ഒഴിവാക്കിയിരിക്കുന്നത്. 

കാഠ്മണ്ഡു ത്രിഭുവന്‍ വിമാനതാവളത്തിലെ  ഇമിഗ്രേഷന്‍ അധികൃതര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സൗകര്യം ഒരുക്കും. അതേ സമയം പാസ്‌പോര്‍ട്ടല്ലാതെ മറ്റ് തിരിച്ചറിയല്‍ രേഖകളുമായി കരമാര്‍ഗ്ഗമോ, വിമാനത്തിലോ ഇതര രാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളിലെത്തുന്നവര്‍ക്ക്  നേപ്പാളിലെ ഇന്ത്യന്‍ എംബസി അനുവദിക്കുന്ന എന്‍.ഒ.സി തുടര്‍ന്നും ആവശ്യമാണ്. 

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വ്വീസ് നിര്‍ത്തിവെച്ച രാജ്യങ്ങളിലേക്ക് പോകാന്‍ വിദേശകാര്യ മന്ത്രാലയം എടുത്ത തീരുമാനം പ്രയോജനകരമാകും.കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവാസികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം ഏറെ സഹായകരമാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.