ന്യൂഡല്‍ഹി: ഗുജറാത്ത് സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനും രാജ്യത്ത് നിരവധി തീവ്രവാദക്കേസുകളില്‍ പ്രതിയുമായ ഭീകരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സിയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട അബ്ദുള്‍ സുബ്ഹാന്‍ ഖുറേഷിയെയാണ് ഏറ്റുമുട്ടലിലൂടെ ഡല്‍ഹി പോലീസ് പിടികൂടിയത്. ഇന്ത്യന്‍ മുജാഹിദീന്‍ സഹസ്ഥാപകന്‍ കൂടിയാണ് ഇയാള്‍.

ഇന്ത്യയിലെ നിരോധിത വിദ്യാര്‍ഥി സംഘടനയായ സിമിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ഖുറേഷി. വാഗമണ്‍ തങ്ങള്‍പാറയില്‍ 2007 ഡിസംബറില്‍ നടന്ന സിമി രഹസ്യക്യാംപില്‍ ഇയാള്‍ പങ്കെടുത്തതായി സൂചനയുണ്ടായിരുന്നു. അതേ വര്‍ഷം സെപ്തംബറില്‍ പലതവണ ഇയാള്‍ തൃശ്ശൂരില്‍ രഹസ്യസന്ദര്‍ശനം നടത്തിയതായും കേന്ദ്രഇന്റലിജന്‍സിനു വിവരം ലഭിച്ചിരുന്നു. ഖുറേഷിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ നാല് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

2008 ജൂലൈയിലും സെപ്തംബറിലുമായാണ് 56 പേരുടെ ജീവനെടുത്ത ഗുജറാത്ത് സ്ഫോടന പരമ്പര നടന്നത്. 21 സ്ഫോടനങ്ങളിലായി 200ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മഹാരാഷ്ട്ര സ്വദേശിയായ ഖുറേഷിയെ രഹസ്യവിവരത്തെത്തുടര്‍ന്ന് ഏറ്റുമുട്ടലിലൂടെ കീഴടക്കുകയായിരുന്നെന്ന് സ്‌പെഷ്യല്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.എസ്.കുശ്വ പറഞ്ഞു.