കൊല്‍ക്കത്ത: അനധികൃതമായി രാജ്യാതിര്‍ത്തി കടന്ന ഇരുപത്തിനാലുകാരനേയും പതിനെട്ടുകാരിയേയും പശ്ചിമബംഗാളിലെ നാദിയ ജില്ലയില്‍ നിന്ന് അതിര്‍ത്തിരക്ഷാസേന ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇരുവരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് അതിര്‍ത്തി കടന്നുള്ള പ്രണയകഥയിലെ നായികാ നായകന്‍മാരാണ് ഇവരെന്ന കാര്യം വ്യക്തമായത്. ഓണ്‍ലൈനിലൂടെയുള്ള പരിചയവും സൗഹൃദവും പ്രണയമായി തീരുകയും ഒടുവില്‍ വിവാഹത്തിലെത്തിച്ചേരുകയുമായിരുന്നുവെന്ന് ഇവര്‍ അറിയിച്ചു. 

നാദിയയിലെ ബല്ലവ്പുര്‍ സ്വദേശിയായ ജയ്കാന്തോ ചന്ദ്ര റായും ബംഗ്ലാദേശുകാരിയായ പെണ്‍കുട്ടിയുമാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ജൂണ്‍ 26-ന് ബിഎസ്എഫിന്റെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അതിര്‍ത്തിപാതയില്‍ ഇവരെ കണ്ടെത്തിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ യുവാവ് ഇന്ത്യക്കാരനാണെന്ന് തിരിച്ചറിഞ്ഞെങ്കിലും പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താത്തതിനാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഫെയ്‌സ്ബുക്കിലൂടെയാണ് പെണ്‍കുട്ടിയുമായി പരിചയത്തിലായതെന്ന് ജയ്കാന്തോ പറഞ്ഞു. പിന്നീട് പ്രണയം മൂര്‍ച്ഛിച്ചതോടെ ഇരുവരും വിവാഹത്തിലൂടെ ഒന്നാകാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് താരക്‌നഗറിലുള്ള ഒരു ബ്രോക്കറുടെ സഹായത്തോടെ ജയ്കാന്തോ മാര്‍ച്ച് എട്ടിന് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലെത്തി. മാര്‍ച്ച് പത്തിന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. ജൂണ്‍ 25 വരെ ബംഗ്ലാദേശില്‍ കഴിഞ്ഞ ശേഷം ഭാര്യയുമൊത്ത് നാട്ടിലേക്ക് മടങ്ങാനുള്ള ജയ്കാന്തോയുടെ ശ്രമത്തിനിടെയാണ് ഇരുവരും അതിര്‍ത്തി രക്ഷാസേനയുടെ പിടിയിലായത്. 

താന്‍ ബംഗ്ലാദേശ് സ്വദേശിയാണെന്നും ഭര്‍ത്താവിനൊപ്പം ഇന്ത്യയിലേക്ക് പോവുകയായിരുന്നുവെന്നും പെണ്‍കുട്ടി അറിയിച്ചു. രാജു മണ്ഡല്‍ എന്ന ബംഗ്ലാദേശി ബ്രോക്കറിന് തങ്ങളെ അതിര്‍ത്തി കടത്താന്‍ 10,000 ബംഗ്ലാദേശി ടാക്ക പ്രതിഫലമായി നല്‍കിയതായും ഇവര്‍ പറഞ്ഞു. 

ദമ്പതിമാരെ പിന്നീട് ഭീംപുര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. 82 ബറ്റാലിയന്റെ കമാന്‍ഡിങ് ഓഫീസര്‍ സഞ്ജയ് പ്രസാദ് സിങ് സംഭവം സ്ഥിരീകരിച്ചു. ഇന്ത്യാക്കാരന്‍ അതിര്‍ത്തി കടന്നത് ബംഗ്ലാദേശി പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മാത്രമാണെന്നും സംഭവത്തില്‍ മറ്റ് അവ്യക്തതകളില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എന്തായാലും പ്രണയത്തിന് മുന്നില്‍ യാതൊന്നും പ്രതിബന്ധമല്ലെന്നുള്ള വാദം ഒരിക്കല്‍ കൂടി ശരിവെക്കുകയാണ് ജയ്കാന്തോയും ബംഗ്ലാദേശി പ്രണയിനിയും. 

Content Highlights: Indian man crosses border to marry Bangladeshi woman both arrested on return