ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ഇടത് നേതാക്കൾ | Photo:ANI
ന്യൂഡല്‍ഹി: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ പങ്കെടുത്ത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയും. ചൈനീസ് എംബസി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ചടങ്ങിലാണ് നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തത്. ഫോര്‍വേഡ് ബ്ലോക് നേതാവ് ജി. ദേവരാജനും ലോക്സഭാ എം.പി എസ്. സെന്തില്‍കുമാറും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
എംബസി ക്ഷണിച്ച ഒരു ചടങ്ങില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്നും ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കവും ഈ വിഷയങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ഇടത് നേതാക്കള്‍ ചോദിക്കുന്നു. ഇന്ത്യന്‍ സർക്കാർ പോലും ശതാബ്ദി ആഘോഷങ്ങള്‍ക്ക് ആശംസ അറിയിച്ചിരുന്നെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഗാല്‍വന്‍ അതിര്‍ത്തിയില്‍ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടും ഇടത് നേതാക്കള്‍ ചൈനയ്ക്കെതിരെ സംസാരിക്കാന്‍ തയ്യാറായില്ലെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു.
അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ 12-ാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശതാബ്ദി ആഘോഷങ്ങള്‍ നടന്നത്. ഒരു വിദേശ ശക്തിയെയും ചൈനയ്ക്ക് മേല്‍ കടന്നുകയറാന്‍ അനുവദിക്കില്ലെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിങ് രാജ്യത്തെ അഭിസംബോധന ചെയ്യവേ പറഞ്ഞത്.
Content Highlights: Indian Left leaders participate in centenary celebrations of CPC
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..