ല്‍ഹിയില്‍നിന്ന് അശാന്തത നിറഞ്ഞ അഫ്ഗാനിസ്താനിലേക്കുള്ള യാത്ര വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും ആ രാജ്യം യുദ്ധസമാന സാഹചര്യത്തിലേക്ക് കൂപ്പുകുത്തുമെന്നോ അഫ്ഗാനില്‍നിന്നുള്ള മടക്കയാത്ര കൂടുതല്‍ സാഹസികമായി തീരുമെന്നോ കരുതിയിരുന്നില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ നയനിമ ബസു. ദ പ്രിന്റിനെ പ്രതിനിധീകരിച്ച് കാബൂളിലെത്തിയ സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ നയനിമ ബസു അഫ്ഗാനില്‍ കാണാനിടയായ കാഴ്ചകളെ കുറിച്ചും മടക്കയാത്രക്കിടെ നേരിട്ട അനുഭവങ്ങളെ കുറിച്ചും തന്റെ ലേഖനത്തില്‍ കുറിച്ചു.  

ഓഗസ്റ്റ് 15-ന് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതോടെ നയനിമയ്ക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ മടക്കയാത്രക്കുള്ള ടിക്കറ്റ് സ്ഥാപനത്തിന്റെ അധികൃതര്‍ ബുക്ക് ചെയ്തു. ഓഗസ്റ്റ് 16-ന് രാവിലെ പതിനൊന്ന് മണിക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. വരാനിരിക്കുന്ന അനിശ്ചിതത്വങ്ങളെ മുന്‍നിര്‍ത്തി നേരത്തെ തന്നെ വിമാനത്താവളത്തിലെത്തിയ നയനിമ കണ്ടത് വിമാനത്താവളം താലിബാന്‍ കയ്യടക്കിയിരിക്കുന്നതാണ്. സായുധ സജ്ജവാഹനങ്ങള്‍ പ്രധാനകവാടത്തില്‍ നിലയുറപ്പിച്ചിരുന്നു. വിമാനത്താവളത്തില്‍ എത്തുന്നവരെ ഭയപ്പെടുത്താനായി താലിബാന്‍ അംഗങ്ങള്‍ ആകാശത്തേക്ക് തുടരെ നിറയൊഴിക്കുന്നുണ്ടായിരുന്നു.  

ആയിരക്കണക്കിന് അഫ്ഗാനികളും ഇതരദേശക്കാരും വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. ഏതെങ്കിലും വിമാനത്തില്‍ കയറി നാടുവിടുക എന്ന ലക്ഷ്യത്തോടെ എത്തിച്ചേര്‍ന്നവരാണ് അവിടെ കാത്തിരുന്നത്. വെടിയുണ്ടകളില്‍നിന്ന് രക്ഷ നേടാന്‍ നയനിമ സുരക്ഷിതമായൊരിടം കണ്ടെത്തി. തനിക്കരികില്‍ ചെറിയ കുട്ടികളെയും ചേര്‍ത്തുപിടിച്ച് നിരവധി അഫ്ഗാനി കുടുംബങ്ങള്‍ ഇരിക്കുന്നുണ്ടായിരുന്നുവെന്ന് നയനിമ പറയുന്നു. 

ഏഴ് മണിയോടെ വിമാനത്താവളത്തിന്റെ കവാടം തുറന്നു, ആളുകള്‍ ഇരച്ചുകയറി. തിക്കും തിക്കും കണ്ട് താലിബാന്‍ അംഗങ്ങള്‍ ജനക്കൂട്ടത്തിന് നേരെ തുടരെ നിറയൊഴിക്കുന്നതിന്റെ കാതടപ്പിക്കുന്ന ശബ്ദം ഭയപ്പെടുത്തിയതായി നയനിമ ഓര്‍മിക്കുന്നു. 'മാഡം, അവരൊന്നും ചെയ്യില്ല, കുറേക്കാലമായി ഞങ്ങള്‍ കാണുന്നതാണ്' എന്ന് ഒരാള്‍ തന്നോട് പറഞ്ഞതായി നയനിമ ഓര്‍ക്കുന്നു. പിന്നാലെ വന്നത് കാബൂള്‍ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയെന്ന വിവരമാണ്. എങ്കിലും വിമാനത്താവളത്തിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് വര്‍ധിച്ചു കൊണ്ടിരുന്നു. വിമാനത്താവളത്തില്‍ കാവല്‍ നിന്ന താലിബാന്‍ അംഗങ്ങള്‍ കൂടുതല്‍ രോഷാകുലരായി. വെടിവെപ്പ് ശബ്ദത്തിന്‌ ഇടവേളകള്‍ ഇല്ലാതായി. അടുത്ത ആറ് മാസത്തേക്ക് വിമാനത്താവളം പ്രവര്‍ത്തിക്കുന്നതല്ലെന്ന അഭ്യൂഹം അതിനിടെ പരന്നു.

താമസിച്ചിരുന്ന ഹോട്ടലിലേക്ക് മടങ്ങിപ്പോകാനോ വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ തങ്ങാനോ ഇന്ത്യന്‍ എംബസിയിലേക്ക് നീങ്ങാനോ നയനിമയോട് ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും നിര്‍ദേശിച്ചു. വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ തുടങ്ങിയ നയനിമയെ താലിബാന്‍ അംഗങ്ങള്‍ ആക്രോശത്തോടെ തടഞ്ഞു. നയനിമയുടെ ബാഗുകള്‍ പിടിച്ചുവാങ്ങി വലിച്ചെറിയാന്‍ ഭാവിച്ചു. താന്‍ ഇന്ത്യയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകയാണെന്നും അഫ്ഗാനിലെ സാഹചര്യത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതാണെന്നും നയനിമ അവരെ ധരിപ്പിച്ചു. അതോടെ നയനിമയെ അവര്‍ പോകാനനുവദിച്ചു. 

വിമാനടിക്കറ്റുകള്‍ പോലുമില്ലാതെയായിരുന്നു ജനങ്ങള്‍ വിമാനത്താവളത്തിലെത്തിച്ചേര്‍ന്നത്. 11.15-ഓടെ ജനക്കൂട്ടം വിമാനത്താവളത്തിന്റെ ഗേറ്റ് തകര്‍ത്ത് അകത്തു പ്രവേശിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ താലിബാന്‍ വെടിയുതിര്‍ത്തു കൊണ്ടിരുന്നു. തന്റെ തൊട്ടരികിലുണ്ടായിരുന്ന ഒരാളുടെ കാലില്‍ വെടിയേറ്റതു കണ്ട് സ്തബ്ധയായതായും പിന്നാലെയെത്തിയ അപരിചിതന്‍ തന്റെ ബാഗുകള്‍ കയ്യില്‍നിന്ന് വാങ്ങുകയും തന്നെ സുരക്ഷിതമായി വിമാനത്താവളത്തിന് പുറത്തേക്ക് നയിക്കുകയും ചെയ്തതായി നയനിമ പറയുന്നു. അരക്കിലോമീറ്ററോളം നടന്ന ശേഷം ഒപ്പമുണ്ടായിരുന്ന ആള്‍ കൈകാട്ടി നിര്‍ത്തിയ ടാക്‌സിയില്‍ കയറി നയനിമ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചേര്‍ന്നു. 

റോഡുകള്‍ പലതുമടച്ചിരുന്നു. എംബസിയ്ക്ക് താലിബാന്റെ ഭീഷണിയുണ്ടായിരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് പുറത്തിറങ്ങാനോ വാഹനമയയ്ക്കാനോ സാധ്യമാകുമായിരുന്നില്ല. മുക്കാല്‍ മണിക്കൂറോളം എംബസിയുടെ ഗേറ്റിന് പുറത്ത് കാത്തു നിന്ന ശേഷം നയനിമ ഗേറ്റിന് മുന്‍വശത്ത് കാവല്‍ നിന്നിരുന്ന താലിബാന്‍ അംഗങ്ങളെ സമീപിച്ചു. തന്റെ തിരിച്ചറിയല്‍ കാര്‍ഡ് അവരെ കാണിച്ചു. ഒരു പുറംരാജ്യക്കാരിയെ ഇത്തരത്തില്‍ കാത്തുനിര്‍ത്തുന്നത് ശരിയല്ലെന്ന് നയനിമ അവരോട് പറഞ്ഞു. അഞ്ച് മിനിറ്റിനുള്ളില്‍ അവര്‍ നയനിമയ്ക്ക് എംബസിക്കുള്ളിലേക്ക് പ്രവേശനം അനുവദിച്ചു. അപ്പോഴേക്കും സമയം രണ്ട് മണിയായിരുന്നു. 

എംബസിയുടെ കവാടത്തിലും നിറയെ ആളുകള്‍ തടിച്ചു കൂടിയിരുന്നതായി നയനിമ പറയുന്നു. ഇന്ത്യയിലുള്ള തന്റെ സഹോദരനെ കാണണമെന്നാവശ്യപ്പെട്ട് ഒരു യുവതി കരഞ്ഞിരുന്നതായും രണ്ട് ആണ്‍കുട്ടികള്‍ വിസ ലഭിച്ചാല്‍ ഇന്ത്യയിലെത്തി ജോലി ചെയ്ത് ജീവിക്കാമെന്ന് പറഞ്ഞതായും നയനിമയുടെ ലേഖനത്തിലുണ്ട്. എംബസി ഏകദേശം ഒഴിപ്പിക്കുന്ന വിധത്തിലായിരുന്നു. അവസാനം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളെത്തി. ബാഗുകള്‍ എംബസിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശം ലഭിച്ചു. തുടര്‍ന്ന് നയനിമയും മറ്റ് ഇന്ത്യക്കാരും ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം ഗുജറാത്തിലെ ജമ്‌നാനഗറില്‍ സുരക്ഷിതരായി ലാന്‍ഡ് ചെയ്തു. 

Content Highlights: Indian Journalist Scribe Recalls Horrific Return from Afghanistan