ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട്‌ ഏവിയേഷനൊപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദേശിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദിന്റെ വെളിപ്പെടുത്തല്‍. സര്‍ക്കാര്‍ നിര്‍ദേശിച്ച റിലയന്‍സ് ഡിഫന്‍സിനെ പദ്ധതിയില്‍ പങ്കാളിയാക്കുക എന്നതു മാത്രമായിരുന്നു ഡസോള്‍ട്ട്‌ ഏവിയേഷനു മുന്നിലുണ്ടായിരുന്ന വഴിയെന്ന് ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒലോദ് പറഞ്ഞു. 

"ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചത് പ്രകാരം അംബാനിയുമായി ഡസോള്‍ട്ട്‌ ധാരണയുണ്ടാക്കി. ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമുണ്ടായിരുന്നില്ല". ഒലാദ് പറഞ്ഞതായി ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടിനെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. റഫേല്‍ ഇടപാട് രണ്ടു സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള വാണിജ്യ ഇടപാടാണെന്നും സര്‍ക്കാരിന് ഇതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും ഒലാദ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം റിപ്പോര്‍ട്ടിനേക്കുറിച്ച് പഠിച്ചുവരികയാണെന്നും ഇന്ത്യന്‍ സര്‍ക്കാരോ ഫ്രഞ്ച് സര്‍ക്കാരോ ഇത്തരത്തിലൊരു വാണിജ്യ ഇടപാടിനേക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നുമുള്ള വിശദീകരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം രംഗത്ത് വന്നു. 

2015ല്‍ കേന്ദ്ര സര്‍ക്കാര്‍ ഫ്രാന്‍സുമായി ചേര്‍ന്ന് റഫേല്‍ കരാര്‍ പ്രഖ്യാപിക്കുമ്പോള്‍ ഒലാദ് ആയിരുന്നു ഫ്രഞ്ച് പ്രസിഡന്റ്. റഫേല്‍ കരാറുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ ആരോപണങ്ങള്‍ക്കിടെയാണ് ഒലാദ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. 

Content Highlights: Indian Govt Suggested Reliance as Partner in Rafale Deal, Hollande Tells French Website