മുംബൈ: കോവിഡ് 19 വ്യാപനം തടയുന്നതിന് പകരം സ്വന്തം പ്രവൃത്തികളുടെ ക്രെഡിറ്റ് സ്വന്തമാക്കുന്ന തിരക്കിലായിരുന്നു ആശയക്കുഴപ്പത്തിലായ ഇന്ത്യന്‍ സര്‍ക്കാരെന്ന് നെബേല്‍ സമ്മാന ജേതാവായ അമര്‍ത്യ സെന്‍. ഇത് സ്‌കിസോഫ്രീനിയയ്ക്ക് കാരണമാവുകയും അത് വലിയ പ്രശ്‌നങ്ങളിലേക്ക് രാജ്യത്തെ നയിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്ര സേവാദള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

"ആശയക്കുഴപ്പത്തിലായിരുന്നു സര്‍ക്കാര്‍. കോവിഡ് പ്രതിസന്ധിയോടുളള തണുപ്പന്‍ പ്രതികരണം കാരണം  ഇന്ത്യക്ക് കരുത്തോടെ മുന്നോട്ടുപോകാന്‍ സാധിച്ചില്ല. ഇന്ത്യയില്‍ കോവിഡ് വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുന്നതിനേക്കാള്‍ തങ്ങളുടെ പ്രവൃത്തികളുടെ ക്രെഡിറ്റ് ഉറപ്പുവരുത്തുന്ന തിരക്കിലായിരുന്നു ഇന്ത്യന്‍ സര്‍ക്കാര്‍. അതിന്റെ ഫലം സ്‌കിസോഫ്രീനിയയായിരുന്നു." ആരെങ്കിലും നല്ല പ്രവൃത്തികള്‍ ചെയ്താല്‍ അതിന്റെ അംഗീകാര്യം ആ വ്യക്തിക്ക് തീര്‍ച്ചയായും ലഭിക്കുമെന്ന ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായ ആദം സ്മിത്തിന്റെ വരികളും അദ്ദേഹം ഉദ്ധരിച്ചു. 

"അംഗീകാരം എന്നു പറയുന്നത് ഒരാള്‍ എത്രത്തോളം നന്നായി പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. എന്നാല്‍ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതിന് പകരം അംഗീകാരം നേടാന്‍ മാത്രം ശ്രമിക്കുന്നത്‌ ബൗദ്ധികമായ വിവരക്കേടാണ്. ഇന്ത്യ ശ്രമിച്ചത് അതിനാണ്. അത് ഒഴിവാക്കേണ്ടതായിരുന്നു." 

"ഒരു പക്ഷേ, ഇന്ത്യ ലോകത്തെ മുഴുവന്‍ രക്ഷിച്ചേക്കാം എന്ന് തോന്നിപ്പിക്കാനും അംഗീകാരം നേടാനുമാണ് ശ്രമിച്ചത്. അതേസമയം, രാജ്യത്തുളള പ്രശ്‌നം വികസിക്കുന്നതിനും അത് രാജ്യത്തെ ജനങ്ങളുടെ ജീവിതത്തില്‍ പിടിമുറുക്കുന്നതിന് അനുവദിക്കുകയും ചെയ്തു."

"സാമൂഹികമായ അസമത്വങ്ങള്‍, മന്ദഗതിയിലായ വളര്‍ച്ചാ നിരക്ക്, റെക്കോഡ് ഉയരത്തിലെത്തിയ തൊഴിലില്ലായ്മ എന്നിവ ഇന്ത്യയെ നേരത്തേ തന്നെ ബാധിച്ചിട്ടുളളതാണ്. മഹാമാരിക്കാലത്ത് അത് രാജ്യത്തെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി. സമ്പദ്ഘടനയുടെ പരാജയവും സാമൂഹിക ഐക്യത്തിന്റെ പരാജയവുമാണ് കോവിഡിനോടുളള പരാജയത്തിന്റെ അടിസ്ഥാനം." ആരോഗ്യസംരക്ഷണത്തിലും വിദ്യാഭ്യാസമേഖലയിലും സാമ്പത്തിക-സാമൂഹിക നയങ്ങളിലും സൃഷ്ടിപരമായ മാറ്റം അത്യാവശ്യമാണെന്നും സെന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Amartya Sen criticises Indian Govt