ജഗദീഷ് പട്ടേൽ, വൈശാലി ബെൻ പട്ടേൽ, വിഹാംഗി, ധാർമിക് Photo: Twitter/Red FM Toronto
ടൊറന്റോ: യു.എസ്-കാനഡ അതിര്‍ത്തിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ജഗദീഷ് ബല്‍ദേവ്ഭായ് പട്ടേല്‍, ഭാര്യ വൈശാലിബെന്‍ ജഗദീഷ് കുമാര്‍ പട്ടേല്‍(37)മക്കളായ വിഹാംഗി(11), ധര്‍മിക്(3) എന്നിവരാണ് മരണപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശികളാണ്.
ജനുവരി 19-നാണ് യുഎസ്-കാനഡ അതിര്‍ത്തിക്ക് സമീപം മോണിറ്റോബയില്‍ മരിച്ചനിലയില്‍ ഇവരെ കണ്ടെത്തിയത്. ജനുവരി 26നാണ് ഇവരുടെ മൃതദേഹ പരിശോധന പൂര്‍ത്തിയായത്. കഠിനമായ ശൈത്യത്തെ തുടര്‍ന്ന് ഇവര്‍ തണുത്ത് മരവിച്ച് മരണപ്പെട്ടതാണെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
കുടുംബത്തിന്റെ ദാരുണമായ മരണവിവരം ഗുജറാത്തിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നതിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി വരികയാണെന്നും കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും എല്ലാവിധ സഹായങ്ങളും കുടുംബത്തിന് ഉറപ്പുവരുത്തുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
രണ്ടാഴ്ച മുന്‍പാണ് സന്ദര്‍ശക വിസയില്‍ കുടുംബം കാനഡയിലേക്ക് എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇവരെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് സമീപത്തൊന്നും വാഹനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവരെ മനുഷ്യക്കടത്ത് സംഘം മറ്റേതോ വാഹനത്തില്‍ അതിര്‍ത്തിക്ക് സമീപം ഇറക്കിവിട്ടതാവാമെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
ജനുവരി 19ന്, റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) കാനഡയിലെ എമേഴ്സണ്‍ നഗരത്തിന് സമീപം തണുത്ത് മരവിച്ച് മരിച്ച നിലയില്‍ നാല് മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. അന്നുതന്നെയാണ് രേഖകളില്ലാത്ത രണ്ട് ഇന്ത്യന്‍ പൗരന്മാരെ തന്റെ വാഹനത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് അമേരിക്കക്കാരനായ സ്റ്റീവ് ഷാന്‍ഡ് എന്നയാളെ എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രേഖകളില്ലാത്ത അഞ്ച് ഇന്ത്യന്‍ പൗരന്മാരെക്കൂടി യുഎസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ ഏഴ് പേരും മരിച്ച നിലയില്‍ കണ്ടെത്തിയ നാല് പേരും ഒരേ സംഘത്തില്‍ പെട്ടവരാണെന്നാണ് പോലീസ് നിഗമനം.
Content Highlights: Indian family found frozen to death near Canada-US border, identified
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..