മോസ്‌കോ: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശയാത്രയ്‌ക്കൊരുങ്ങുന്ന നാല് വ്യോമസേനാ ഉദ്യോഗസ്ഥര്‍ റഷ്യയില്‍  ഒരു വര്‍ഷത്തെ പരിശീലനപരിപാടി പൂര്‍ത്തിയാക്കി. റോസ്‌കോസ്‌മോസ് ബഹിരാകാശ ഏജന്‍സിയുടെ കീഴിലുള്ള ഗഗാറിന്‍ കോസ്‌മോനോട്ട് ട്രെയിനിങ് സെന്ററിലായിരുന്നു പരിശീലനം. 2020 ഫെബ്രുവരി പത്തിനാരംഭിച്ച പരിശീലനം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. 

ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും(ഐഎസ്ആര്‍ഒ) റഷ്യയുടെ വിക്ഷേപ സേവനസ്ഥാപനമായ ഗ്ലാവ്‌കോസ്‌മോസും തമ്മില്‍ 2019 ജൂണിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഗഗന്‍യാന്‍ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് റഷ്യയില്‍ പരിശീലനം നല്‍കിയത്. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും മൂന്ന് വിങ് കമാന്‍ഡര്‍മാരും ഉള്‍പ്പെടുന്ന നാല് വ്യോമസേനാപൈലറ്റുമാരാണ് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് വ്യോമസേന വൃത്തങ്ങളില്‍ നിന്നുള്ള സൂചന. 

റഷ്യയില്‍ നിന്നുള്ള പരിശീലനത്തിന് ശേഷം ഇവര്‍ക്ക് ഇന്ത്യയില്‍ പ്രത്യേക പരിശീലനം നല്‍കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. സമീപകാലത്ത് തന്നെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി മനുഷ്യരെ ബഹിരാകാശത്തേക്കയക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഈ മാസമാദ്യം രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ വിദഗ്ധരുമായി നിരന്തരം സമ്പര്‍ത്തിലേര്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയുടെ പ്രഥമസഞ്ചാര പേടകപദ്ധതിയാണ് ഗഗന്‍യാന്‍. 2018 ലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലാണ് പ്രധാനമന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയത്. 2021 ഡിസംബറില്‍ പേടകം വിക്ഷേപിക്കാനായിരുന്നു പദ്ധതിയെങ്കിലും കോവിഡ് കാരണം 2022 ഓഗസ്റ്റിലായിരിക്കും വിക്ഷേപണമെന്നാണ് നിലവിലെ സൂചന. മൂന്ന് ബഹിരാകാശ യാത്രകര്‍ക്കുള്ള യാത്രാസൗകര്യമാണ് പേടകത്തിലുള്ളത്. 10,000 കോടി രൂപയാണ് പദ്ധതി ചെലവ്. വിജയകരമായി പൂര്‍ത്തിയായാല്‍ മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാവും ഇന്ത്യ. 

 

Content Highlights: Indian astronaut candidates for Gaganyaan mission complete training in Russia